X

അമേഠിയില്‍ ബൂത്ത് പിടിത്തം; സ്മൃതി ഇറാനിയുടെ വീഡിയോ കെട്ടിച്ചമച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തമെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ബൂത്ത് പിടിത്തമെന്ന് കാണിച്ച് സ്മൃതി ഇറാനി ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഉത്തര്‍പ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ലക്കു വെങ്കടേശ്വര്‍ലു വ്യക്തമാക്കി.

കോണ്‍ഗ്രസ് വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനിയുടെ ആരോപണം. ഇതിന് തെളിവായി അമേഠിയിലെ ഒരു സ്ത്രീയുടെ വീഡിയോ കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വൈറലായ വീഡിയോ ക്ലിപ്പിലെ പ്രായമായ സ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വെങ്കടേശ്വര്‍ലു പറഞ്ഞു. ഇത്തരത്തില്‍ ബൂത്ത് പിടുത്തമോ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കലോ നടന്നിട്ടില്ലെന്നും ലാക്കു വെങ്കട്ടേശര്‍ലൂ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ടര്‍ ഓഫീസര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിരീക്ഷകര്‍ എന്നിവരെല്ലാം ബൂത്തിലെത്തി പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരോടും, പോളിംഗ് ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള വീഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം വോട്ടുദിനത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ കള്ള പ്രചരണം സ്മൃതി ഇറാനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ബൂത്ത് പിടുത്തത്തിന്റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയ്ക്ക് എന്ന കുറിപ്പോടെയാണ് കേന്ദ്ര മന്ത്രി വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുകയാണെന്നും ബൂത്തുപിടിത്തം രാഹുലിന്റെ അറിവോടെയെന്നാണ് സ്മൃതി ഇറാനി ആരോപിക്കുന്നത്.

അതേസമയം അമേഠിയിലെ തോല്‍വി മുന്നില്‍ കണ്ടാണ് വ്യാജ ആരോപണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

chandrika: