ന്യൂഡൽഹി: വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കടത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവിധ കേന്ദ്രങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ യന്ത്രങ്ങൾ പിടികൂടിയതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് കമ്മീഷൻ നിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.
ഹരിയാനയിലെ ഫത്തേബാദിലെ വോട്ടെണ്ണൽ കേന്ദ്രമായ ഗവൺമെന്റ് ഗേൾസ് കോളേജിൽ നിറയെ വോട്ടിങ് യന്ത്രങ്ങളുമായി ഹരിയാന സർക്കാറിന്റെ ഒരു ട്രക്ക് പ്രവേശിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
ഇന്നലെ വൈകുന്നേരവും രാത്രിയുമായി ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ കടത്തിയ യന്ത്രങ്ങൾ പിടികൂടി. യു.പിയിലെ ചണ്ഡോളിയിൽ സ്വകാര്യ ട്രക്കിൽ സുരക്ഷാ അകമ്പടിയില്ലാതെ വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യു.പിയിലെ ഗാസിപൂരിൽ സ്വകാര്യ വാഹനത്തിൽ വോട്ടിങ് യന്ത്രങ്ങൾ കടത്തിയെന്നാരോപിച്ച് മഹാസഖ്യ സ്ഥാനാർത്ഥി അഫ്‌സൽ അൻസാരി സ്‌ട്രോങ് റൂമിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സ്‌ട്രോങ് റൂമിൽ നിന്ന് സ്വകാര്യ വാഹനത്തിൽ യന്ത്രങ്ങൾ കടത്തിയെന്നാണ് അൻസാരിയുടെ ആരോപണം. സ്‌ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതലയിൽ നിന്ന് സി.ഐ.എസ്.എഫിനെ മാറ്റി ബി.എസ്.എഫിനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാറിലെ മഹാരാജ്ഗഞ്ചിൽ മിനി ട്രക്കിൽ വോട്ടിങ് യന്ത്രങ്ങൾ കടത്തിയതായി ആർ.ജെ.ഡി ആരോപിച്ചു. സ്വകാര്യ വാഹനത്തിൽ സുരക്ഷാ അകമ്പടിയില്ലാതെ വോട്ടിങ്-വിവിപാറ്റ് യന്ത്രങ്ങൾ കടത്തുന്നതിന്റെ ചിത്രങ്ങൾ ആർ.ജെ.ഡി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ സ്ഥാനാർത്ഥികളെ അറിയിക്കാതെ രണ്ട് വാഹനങ്ങളിലായി വോട്ടിങ് യന്ത്രങ്ങൾ കടത്തുന്നതിന്റെ ദൃശ്യങ്ങളിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടെണ്ണൽ വരെ വോട്ടിങ് യന്ത്രങ്ങൾ സായുധ പൊലീസ് സംരക്ഷണയിൽ ആയിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം. ഉപയോഗിക്കാത്ത യന്ത്രങ്ങൾ അവയ്ക്കു വേണ്ടിയുള്ള റൂമുളിൽ സൂക്ഷിക്കണമെന്നും മുഴുസമയവും ഇതിനു സുരക്ഷയൊരുക്കണമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, വോട്ടെണ്ണലിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ സുരക്ഷയില്ലാതെ യന്ത്രങ്ങൾ കടത്തുന്നത് വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.