ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രചാരണം നല്‍കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്്‌നങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന്‍ വിലക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പണത്തിന്റെ ഉപയോഗം നിയന്ത്രണവിധേയമാക്കുന്നതു സംബന്ധിച്ച് ചട്ടങ്ങള്‍ തയാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കമ്മീഷന്‍ ഇത്തരമൊരു നടപടിയെടുത്തത്.
2012ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ചിഹ്്‌നമായ ആനയുടെ പ്രതിമകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയാണ് കോടതി കമ്മീഷനു കൈമാറിയിരുന്നത്.