ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന്‍ കമ്മീഷന്‍ അസാധുവാക്കി. തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ കമ്മിഷന്‍ അയോഗ്യനാക്കിയത്.
ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന ബി.ജെ.പി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയാണ് മിശ്ര. 2008 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നേടിയ വിജയം അസാധുവാക്കിയതിന് പുറമെ മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മിശ്രയെ കമ്മീഷന്‍ വിലക്കുകയും ചെയ്തു. ഇതോടെ, വരാനിരിക്കുന്ന 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിശ്രയ്ക്ക് മല്‍സരിക്കാനാകില്ലെന്ന് ഉറപ്പായി.
കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്ര ഭാരതി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. തെരഞ്ഞെടുപ്പു കാലത്ത് മിശ്രയും സംഘവും ‘പെയ്ഡ് ന്യൂസു’കള്‍ക്കായി മുടക്കിയ പണം കമ്മിഷനില്‍ സമര്‍പ്പിച്ച ചെലവിനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന്് കാട്ടിയായിരുന്നു പരാതി. പരാതിയില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചെങ്കിലും വിഷയത്തില്‍ മിശ്ര മറുപടി നല്‍കിയിരുന്നില്ല. പരാതിക്കാരനായ രാജേന്ദ്ര ഭാരതി 2008ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്നു.
നിലവില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി കൂടിയായ മിശ്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവാണ്. മിശ്രയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്തെത്തി. കര്‍ഷക ആത്മഹത്യയില്‍ സമ്മര്‍ദ്ദം നേരിടുന്ന മധ്യപ്രദേശ് സര്‍ക്കാറിന് കടുത്ത അഘാതമാണ് വിധി. അതേസമയം ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മിശ്ര അറിയിച്ചു.