ന്യൂഡല്‍ഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വോട്ടെണ്ണലും അന്നു തന്നെ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 20 ന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യസഭയില്‍ യുപിയില്‍ 10 ഉം ഉത്തരാഖണ്ഡില്‍ ഒരു സീറ്റുമാണ് അടുത്ത മാസം ഒഴിവു വരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആയിരിക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 2 ആണ്.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ എംപിയായ കോണ്‍ഗ്രസ് നേതാവും നടനുമായ രാജ് ബബ്ബറിന്റെ കാലാവധി നവംബര്‍ 25 ന് അവസാനിക്കും.
അതേസമയം, തെരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ കോവിഡ് ജാഗ്രത നടപടികളെക്കുറിച്ച് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.