ഭക്ഷണശാലകള്‍ക്ക് ശുചിത്വപരിപാലനം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുന്നു. ബേക്കറികള്‍, കൂള്‍ബാറുകള്‍, സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് നീക്കം.
ഭക്ഷണശാലകളിലെ ശുചിത്വസംവിധാനങ്ങളടക്കമുള്ളവ വിലയിരുത്തുന്നതിന് കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ 3,340 സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 1,335 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി പിഴയീടാക്കാന്‍ നടപടി തുടങ്ങി. സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 135 സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 132 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുത്തത്. വകുപ്പിന്റെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി മാസത്തില്‍ രണ്ട് മിന്നല്‍പ്പരിശോധനകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പ് ആവര്‍ത്തിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ശുചിത്വപരിപാലന നിരക്കിലേക്ക് എത്താന്‍ സ്ഥാപനങ്ങള്‍ മടികാട്ടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്. പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ്, ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമായ കൃത്രിമനിറങ്ങള്‍ എന്നിവമൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജ്യൂസ് സ്റ്റാളുകള്‍, ബേക്കറികള്‍ എന്നിവ റേറ്റിങ് സംവിധാനത്തിലേക്ക് എത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്.
ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടുകയാണ്. ലൈസന്‍സ് എടുക്കാന്‍ ഭൂരിഭാഗംപേരും തയ്യാറല്ല. വന്‍കിട സ്ഥാപനങ്ങള്‍പോലും രജിസ്‌ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സ് ഉണ്ടായിട്ടും അത് കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന പാലിക്കാത്തവരും ഒട്ടേറെയാണ്. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വകുപ്പ് ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നുദിവസം ലൈസന്‍സ് െ്രെഡവ് നടത്തും. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍നിന്ന് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധനകളും വൈകാതെയുണ്ടാകും. ഭക്ഷ്യസുരക്ഷാപ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്റ്റാളുകളുടെയും നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് വകുപ്പിന്റെ ശ്രമം.