X
    Categories: More

ഐസ്വാളില്‍ നിന്ന് കോച്ചിനെയും കളിക്കാരെയും റാഞ്ചി ഈസ്റ്റ് ബംഗാള്‍ ഐലീഗിനൊരുങ്ങുന്നു

കൊല്‍ക്കത്ത: കരുത്തരായ ഈസ്റ്റ് ബംഗാള്‍ ഏതു വിധേനയും ഐലീഗ് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തില്‍. കഴിഞ്ഞ സീസണ്‍ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയില്‍ നിന്ന് കോച്ച് ഖാലിദ് ജമീലിനെയും മൂന്ന് പ്രധാന താരങ്ങളെയും റാഞ്ചിയാണ് 2017-18 സീസണിന് കൊല്‍ക്കത്ത ക്ലബ്ബ് കോപ്പൊരുക്കുന്നത്.

കന്നി സീസണില്‍ തന്നെ ഐസ്വാള്‍ എഫ്.സിയെ കിരീടത്തിലെത്തിച്ച ജമീല്‍ കൊല്‍ക്കത്ത ക്ലബ്ബുമായി ഒരുവര്‍ഷ കരാറിലാണ് ഒപ്പുവെച്ചത്. മുന്‍ ഇന്ത്യന്‍ താരമായ ഖാലിദ് ജമീല്‍ ഏഴ് വര്‍ഷത്തോളം മുംബൈ എഫ്.സിയെ പരിശീലിപ്പിച്ച ശേഷമാണ് ഐസ്വാളില്‍ ചാര്‍ജെടുത്തത്.

2016-17 സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബംഗാള്‍ അടുത്ത സീസണില്‍ കൂടുതല്‍ മികച്ച താരങ്ങളുമായി കിരീടം ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ട്രവര്‍ മോര്‍ഗന്‍ ഒഴിഞ്ഞ സ്ഥാനത്താണ് ജമീല്‍ നിയമിതനാവുന്നത്. ഐസ്വാളിന്റെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ലാല്‍റംചുല്ലോവ, മഹ്മൂദ് അല്‍ അംന, ബ്രണ്ടന്‍ വന്‍ലാല്‍റിംഡിക എന്നിവരെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാളില്‍ ചേരാന്‍ തനിക്ക് രണ്ട് കാരണങ്ങളുണ്ടെന്ന് ജമീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ‘ഒന്ന് അവരുടെ ജഴ്‌സിയുടെ നിറമാണ്. ചുവപ്പും സ്വര്‍ണനിറവും ഞാനിഷ്ടപ്പെടുന്നു. മറ്റേത് അവരുടെ ആരാധകരാണ്. രാജ്യം മുഴുവനും ഈസ്റ്റ് ബംഗാളിന് ആരാധകരുണ്ട്. കളിക്കാരനെന്ന നിലയില്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. അതുകൊണ്ട് പരിശീലകനായുള്ള അവസരം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: