ന്യൂഡല്‍ഹി: രാജ്യത്തെ സാധാണക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിട്ടും ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെ പുകഴ്ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ നികുതി വ്യവസ്ഥകള്‍ ജി.എസ്.ടിയോടെ ഇല്ലാതായെന്നും ഇതിന്റെ നേട്ടം ജനങ്ങള്‍ക്കാണെന്നും മോദി പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച വേള്‍ഡ് ഫുഡ് ഇന്ത്യ-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വസ്തുവില്‍ തന്നെ പലനികുതി അടക്കുന്ന ഭാരത്തില്‍ നിന്ന് ജി.എസ്.ടി രാജ്യത്തെ മോചിപ്പിച്ചതായും മോദി അവകാശപ്പെട്ടു. ലോകത്തില്‍ വേഗതയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. സ്വകാര്യ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി കിസാന്‍ സമ്പദാ യോജനയിലൂടെ ഇന്ത്യയുടെ ഭക്ഷ്യ മേഖലയെ അന്തരാഷ്ട്ര നിലവാരത്തില്‍ എത്തിക്കും. ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കര്‍ഷകരാണ്. 20 ലക്ഷം കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് നേട്ടം ഉണ്ടാകും. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ 5 ലക്ഷം പേര്‍ക്ക് ഇതില്‍ നിന്ന് ജോലിയും ലഭിക്കുമെന്നും മോദി പറഞ്ഞു. ലോകരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫുഡ് ഫെസ്റ്റ് നാളെ സമാപിക്കും.
- 7 years ago
chandrika