X

ഇന്തോനേഷ്യയില്‍ ഭൂകമ്പം; മൂന്നു മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു.
നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ടു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടും ഒരാള്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടുന്നതിനിടെ വീണുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ജാവാ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഇന്തോനേഷ്യന്‍ ദ്വീപാണ് ജാവ. സുനാമി ഭീതിയെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മധ്യ, പടിഞ്ഞാറന്‍ ജാവയില്‍ ആസ്പത്രികളും സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് ഇന്തോനേഷ്യ.
2016 ഡിസംബറില്‍ ആച്ചെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലേരെ പേര്‍ മരിച്ചിരുന്നു. 2004 ഡിസംബറില്‍ 9.1 തീവ്രതയുള്ള ഭൂകമ്പത്തിലും സുനാമിയിലും 170,000 പേരാണ് ഇന്തോനേഷ്യയില്‍ മരിച്ചത്.

chandrika: