X

ഇന്തൊനീഷ്യ ഭൂകമ്പം, സൂനാമി: മരണ സംഖ്യ 1,234; ദുരന്തഭൂമിയില്‍ വ്യാപക കൊള്ളയും

ഇന്തൊനീഷ്യയില്‍ സൂനാമിയിലും ഭൂചലനത്തിലും ജീവന്‍ നഷ്ടമായവരുടെ എണ്ണം 1,234 ആയി. സുലവേസിയില്‍ ഉരുള്‍പൊട്ടലില്‍ പള്ളി തകര്‍ന്നു മരിച്ച വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കണക്കാണ് ഇന്തൊനീഷ്യ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രുഹോ പുറത്തുവിട്ടത്.

ദുരന്തത്തില്‍ മരിച്ച ആയിരക്കണക്കിനു പേരുടെ മൃതദേഹങ്ങള്‍ വലിയ കുഴികളുണ്ടാക്കി കൂട്ടമായാണു സംസ്‌കരിച്ചത്. ദുരന്തത്തില്‍നിന്നു കര കയറുന്നതിന് ഇന്തൊനീഷ്യന്‍ ജനത രാജ്യാന്തര സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ പതിവായ രാജ്യത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ നടപ്പാക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ പല പ്രദേശങ്ങളിലേക്കും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്നാണു വിവരം.

മരുന്നുകള്‍ സ്റ്റോക് തീരുന്നതും തകര്‍ന്നുവീണ വലിയ കെട്ടിടങ്ങളില്‍നിന്നു കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനു സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുന്നുണ്ട്. പലു നഗരത്തിനു സമീപത്തെ പൊബോയ കുന്നില്‍ 100 മീറ്റര്‍ നീളമുള്ള കുഴിയാണ് 1,300 ഇരകളെ സംസ്‌കരിക്കുന്നതിനു തയാറാക്കിയത്. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ കഷ്ടപ്പെടുന്നതായും വിവരമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പലു നഗരത്തില്‍ ഭൂചലനവും തൊട്ടുപിന്നാലെ ശക്തമായ സൂനാമിയും ഉണ്ടായത്.

സുലവേസിയില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കടകള്‍ കൊള്ളയടിച്ച നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ദുരന്തമുണ്ടായി രണ്ട് ദിവസത്തിനുശേഷം തന്നെ ഭക്ഷണ വിതരണം ആരംഭിച്ചതായി ഡപ്യൂട്ടി നാഷനല്‍ പൊലീസ് മേധാവി അരി ദോനോ സുക്മന്തോ പറഞ്ഞു. ദുരന്തത്തിന് ഇരയായവര്‍ വസ്ത്രങ്ങളും മറ്റും കൊള്ളയടിച്ചതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

chandrika: