റുബാത്: ആറു പതിറ്റാണ്ടിനുശേഷം മൊറോക്കോയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മറാക്കിഷ് നഗരത്തെ തവിടുപൊടിയാക്കിയ ഭൂകമ്പത്തില്‍ കാണാതായവര്‍ക്കുവേണ്ടി അന്താരാഷ്ട്ര സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ലക്ഷത്തിലേറെ പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. നാല് ഫ്രഞ്ച് പൗരന്മാര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വിദൂര പര്‍വ്വതമേഖലയിലെ ഗ്രാമ പ്രദേശങ്ങളില്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഇവിടെ തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമയം അതിക്രമിച്ചുകൊണ്ടിരിക്കെ രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസും റെഡ്ക്രസന്റും അറിയിച്ചു.
ഗാമ പ്രദേശങ്ങളില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പമുണ്ടായത്. മോശപ്പെട്ട കെട്ടിട നിര്‍മാണ രീതികളും കെട്ടിടങ്ങളുടെ പഴക്കവും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയും മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുള്‍പ്പെടെ മോറോക്കോക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങള്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ അയിച്ചിട്ടുണ്ട്.
ഹൈ അറ്റ്‌ലസ് പര്‍വ്വത നിരയിലെ മധ്യകാല ടിന്‍മെല്‍ മസ്ജിദിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. പള്ളിയുടെ ഇടിഞ്ഞുവീഴാറായ മതിലുകളുടെയും പകുതി തകര്‍ന്ന മിനാരത്തിന്റെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അറ്റ്‌ലസ് പര്‍വ്വതമേഖലയായ അല്‍ ഹൗസിലെ ഇഖിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
രാത്രി 11.11നുണ്ടായ ഭൂകമ്പം സെക്കന്‍ഡുകള്‍ നീണ്ടു. ഇപ്പോഴും തുടര്‍ ചലനങ്ങള്‍ തുടരുന്നുണ്ട്. രാത്രി ഉറക്കച്ചടവില്‍ ഓടിരക്ഷപ്പെടാന്‍ സാധിച്ചില്ല.
നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വിചാരിച്ചതിനെക്കാളും ഭീകരമായിരിക്കുമെന്ന് മൊറോക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദുരന്ത വ്യാപ്തി കൂടിയതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മൊറോക്കോ പകച്ചിരിക്കുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിട്ടും. ആശുപത്രികളും തകര്‍ന്നതുകൊണ്ട് ആളുകളെ താല്‍ക്കാലിക താമ്പുകള്‍ കെട്ടിയാണ് ചികിത്സിക്കുന്നത്.