X
    Categories: MoreViews

ഇറാന്‍-ഇറാഖ് ഭൂകമ്പം: മരണം 530

തെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തിയുലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 ആയി. എണ്ണായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ ജീവനോടെ അവശേഷിക്കാനുള്ള സാധ്യത ഇല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
12,000 വീടുകള്‍ പൂര്‍ണമായും 15,000 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മരണം ഇനിയും കൂടിയേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഇറാനില്‍ കെര്‍മന്‍ഷാ പ്രവിശ്യയിലെ പര്‍വ്വതമേഖലയിലുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് ഭൂകമ്പം ഏറെ നാശം വിതച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം 193 തുടര്‍പ്രകമ്പനങ്ങളുണ്ടായി.
ഇറാന്റെ 14 പ്രവിശ്യകളെ ഭൂകമ്പം ബാധിച്ചു. വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ താല്‍ക്കാലിക തമ്പുകളിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. രക്ഷാപ്രവര്‍ത്തനം ഇനിയും പൂര്‍ണതോതില്‍ എത്തിയിട്ടില്ലെന്നിരിക്കെ കടുത്ത തണുപ്പില്‍ അന്തിയുറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ ദുരിതത്തിലാണ്.
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ദുരന്ത ഭൂമി സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഭൂകമ്പത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രാത്രി ആളുകള്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ഭൂകമ്പം.
കുട്ടികളുമായി പുറത്തിറങ്ങിയ ഉടന്‍ തന്നെ തങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം നിലംപൊത്തിയതായി ദൃക്‌സാക്ഷികളില്‍ ഒരാളായ ഫാത്തിമ പറയുന്നു. വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ സഹായത്തിനുവേണ്ടി കാത്തിരിക്കുകയാണ്.
ദുരന്ത ബാധിതര്‍ക്ക് പരമാവധി സഹായമെത്തിക്കാന്‍ ഇറാന്‍ പാടുപെടുകയാണ്. ഇറാനില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. 1990ല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ അരലക്ഷത്തോളം പേര്‍ മരിച്ചിരുന്നു.
2003ല്‍ കര്‍മാന്‍ പ്രവിശ്യയിലെ ഭൂകമ്പത്തില്‍ 31,000 പേരാണ് മരിച്ചത്.

chandrika: