9 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ വംശജ സുനിതാ വില്യംസ് അടക്കമുള്ള നാലംഗ സംഘം ഭൂമിയിലെത്തി. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 10.35ന് ബഹിരാകാശ നിലയവുമായി വേര്‍പ്പെട്ട് യാത്ര തുടങ്ങിയ പേടകം ഇന്ന് പുലര്‍ച്ചെ 3.27ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കി. സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിലാണ് സംഘം എത്തിയത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച പേടകം ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ചു. പിന്നാലെ നാസയുടെ പ്രത്യേക സംഘം, റിക്കവറി കപ്പലിലേക്ക് പേടകത്തെ സുരക്ഷിതമായി മാറ്റി. സഞ്ചാരികള്‍ ഓരോരുത്തരായി പുറത്തേക്ക് വന്നു. ഒടുവില്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ കൈകള്‍ വീശി സുനിതാ വില്യംസ് പുറത്തേക്ക്. എട്ട് ദിവസത്തെ പര്യാവേക്ഷണത്തിനായി പോയ സംഘമാണ് നീണ്ട 287 ദിവസങ്ങള്‍ക്കുശേഷമാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇവരെ നാസയുടെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. ബുച്ച് വില്‍മോറും, നിക് ഹേഗും, അലക്‌സാന്ദ്രേ ഗോര്‍ബനേവുമാണ് സുനിതക്കൊപ്പം ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേര്‍പ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു. 900 മണിക്കൂര്‍ ഗവേഷണങ്ങള്‍ക്കായി ചെലവിട്ടു, 150ലധികം പരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അനിവാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തി. ബോയിങ് സ്റ്റാര്‍ ലൈനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയുടെ ഒടുക്കം ശാസ്ത്രലോകത്തിന് സമ്മാനിച്ചത് വേറിട്ട അനുഭവവും ഉള്‍ക്കരുത്തുമാണ്.
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ ലൈനറില്‍ കഴിഞ്ഞ ജൂണ്‍ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. ബുച് വില്‍മോര്‍ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.