യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഇ- മാലിന്യ ശേഖരണവും സംസ്‌കരണവും താളം തെറ്റുന്നു. മന്ത്രിയായിരുന്നപ്പോള്‍ മഞ്ഞളാംകുഴി അലി പ്രത്യേക താല്‍പര്യമെടുത്ത് തദ്ദേശവകുപ്പിനുകീഴില്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനിയുമായി ഉണ്ടാക്കിയ ധാരണ, പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ മരവിച്ച അവസ്ഥയിലാണ്. തുടക്കത്തില്‍ സര്‍ക്കാര്‍- സ്വകാര്യസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇ- മാലിന്യം നല്‍കിയെങ്കിലും സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങളുടെ വേഗംകുറഞ്ഞു. വൃത്തിയാക്കി നല്‍കുന്ന ഇ- മാലിന്യങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കമ്പനിയുടെ അറിയിപ്പും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇ- വേസ്റ്റ് നല്‍കിയിരുന്നത് നിലച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കും ഇ- വേസ്റ്റും ഇപ്പോള്‍ സ്വന്തമായാണ് ശേഖരിക്കുന്നത് ഇത് വിവിധ ഇടങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ- മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കാനായിരുന്നു. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തുകയായിരുന്നു. അപ്രകാരം കമ്പനിയുമായി ധാരണയിലെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൂറായി കമ്പനിക്ക് പണവും നല്‍കിയിട്ടുണ്ട്. എര്‍ത്ത് സെന്‍സ് റീ- സൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ധാരണയിലെത്തിയിരുന്നത്.
കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടി.വി, ഫോട്ടോകോപ്പി മെഷീന്‍, സ്‌കാനര്‍, റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയിന്റര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ശേഖരിക്കാനായിരുന്നു ധാരണ. കിലോഗ്രാമിന് അഞ്ചുരൂപ നിരക്കിലാണ് കമ്പനി വാങ്ങുക. സി.എഫ്.എല്‍ ഉള്‍പ്പടെ ബള്‍ബുകളും സി.ഡികളും ഇ- മാലിന്യങ്ങള്‍ക്കൊപ്പം കൊണ്ടുവന്നാല്‍ കമ്പനി സൗജന്യമായി ശേഖരിക്കുമെന്നും ധാരണ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് കമ്പനിയെ അറിയിച്ചാല്‍ വന്ന് ശേഖരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നഗരസഭ പരിധിയിലെ മാലിന്യങ്ങള്‍ ഒരു കേന്ദ്രത്തില്‍ സൂക്ഷിക്കാനും ധാരണയായിരുന്നു. കുടുംബശ്രീ ഉള്‍പ്പടെയുള്ളവരെ മാലിന്യശേഖരണത്തിന് ഉപയോഗപ്പെടുത്താനായിരുന്നു നിര്‍ദേശം. വീടുകളില്‍ നിന്നുള്ള ഇ- മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മൂന്നുമാസത്തിലൊരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തുമെന്നും മാലിന്യങ്ങള്‍ കൊണ്ടുവരുന്നവരില്‍നിന്ന് തൂക്കമനുസരിച്ച് പണം നല്‍കി ശേഖരിക്കുമെന്നും പറഞ്ഞിരുന്നു.
ഇതിന് പുറമെ എഞ്ചിനീയറിംഗ് കോളജുകളിലും മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആറുമാസത്തിലൊരിക്കല്‍ വാഹനം മൊബൈല്‍ വാഹനം എത്തിക്കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രകാരം സര്‍ക്കാര്‍ പദ്ധതി പ്രകാരം സമ്പൂര്‍ണമായി ഇ- മാലിന്യങ്ങള്‍ ശേഖരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് ഭരണമാറ്റമുണ്ടായത്. ഇതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ പുതിയ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെയാണ് സംസ്ഥാനത്തെ ഇ- മാലിന്യശേഖരണം പാളുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതി അട്ടിമറിച്ചു ഇ- മാലിന്യ സംസ്‌കരണം പാളുന്നു
Tags: E-wasteUDF Government