സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവം തക്യതിയായി നടക്കുബോള്‍ തന്റെ കലോത്സവ ഓര്‍മകള്‍ പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. 1961 ല്‍ ചെങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഓര്‍ത്തെടുക്കുകയാണ് ഇ.ടി ഇപ്പോള്‍. എഴുതവണ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്‍ നായകത്വം വഹിക്കാന്‍ കഴിഞ്ഞ കാര്യങ്ങളും എം.പി പങ്കുവെക്കുന്നു.
ഇ.ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്
ഈ ഓര്‍മ്മക്ക്.
1961 ല്‍ ചെങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയത് ജഡ്ജിങ് പാനലിലെ മുഖ്യന്‍ പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാര്‍ അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭനും.
വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരില്‍ മുപ്പത് വര്‍ഷത്തിന് ശേഷം 1991 ല്‍ കലാമേളയ്ക്ക് നേതൃത്വം വഹിക്കാന്‍ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്‍ നായകത്വം വഹിക്കാനും കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്‌കൂള്‍ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നല്‍കിയ ഊര്‍ജമാണ് .സ്‌കൂള്‍ കലോത്സവ വാര്‍ത്തകള്‍ കാണുമ്പോള്‍ ഗൃഹാതുരത നിറഞ്ഞ സ്‌കൂള്‍ കാല ഓര്‍മകളും സംഘാടക റോളില്‍ നിര്‍വൃതി ലഭിച്ച മന്ത്രികാല ഓര്‍മകളും മനസ്സിനെ തൊട്ടുണര്‍ത്തി.