ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്നാക്ക സംവരണം അനുവദിച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണഘടന ഭേദഗതി സംബന്ധിച്ചു സുപ്രീം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്‍ അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. സംവരണ സമുദായങ്ങളുടെ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്‍ മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവര്‍ എടുത്തത്. ഈ ചതിക്കുഴി മനസ്സിലാക്കി പ്രതികരിക്കാന്‍ സംവരണ സമുദായങ്ങള്‍ക്ക് കഴിയാതെ പോയി. ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദേശിച്ചതിനെക്കാള്‍ വലിയ ആനുകൂല്യങ്ങള്‍ നല്‍കി മുന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നമിക്ക് ഗുണമായി. എന്നാല്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ദുഷ്ടലാക്കിന് തിരിച്ചടിയാണ്. കോടതി എടുത്ത നിലപാട് ഇന്ദിരാ സാഹ്‌നി കേസില്‍ പുനഃപരിശോധന ആവശ്യമില്ല എന്നതാണ്. ഇന്ദിരാ സാഹ്‌നി കേസില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്ത കാര്യമാണ് സംവരണത്തില്‍ സാമ്പത്തികം മാനദണ്ഡം ആകാമോ എന്നത്. സാമ്പത്തിക മാനദണ്ഡ വാദം നിരര്‍ത്ഥകമാണെന്നും പാടില്ലെന്നും ഈ കേസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിയുടെ വെളിച്ചത്തില്‍ പുതിയ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വാര്‍ത്തകാണാനിടയായി. ഇത് മറ്റൊരപായ സൂചനയാണ്. മുസ്ലിംലീഗ് ഏത് കാലത്തും സംവരണ സംരക്ഷണത്തിന് മുമ്പില്‍ നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് ഒറ്റക്ക് പൊരുതി. മറ്റുപലരും സംവരണ അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. കേരളത്തിലായാലും കേന്ദ്രത്തിലായാലും മുസ്‌ലിംലീഗിന്റെ ഈ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഇ.ടി പറഞ്ഞു.