കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഇ. ശ്രീധരനുായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരനെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് ജനകീയനായ ഒരാളെ കണ്ടെത്തുന്നതിന് അമിത്ഷാ നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇ. ശ്രീധരന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഇന്ന് സമിതി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവിനും സ്ഥാനമില്ലാതിരുന്നത് വളരെ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയക്കുകയും അതിന്റെ അടിസ്ഥാനത്തിലായിരുന്നു വേദിയില്‍ ഇരുവര്‍ക്കും സ്ഥാനമുണ്ടായതും. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരന് സാധ്യത നിലനില്‍ക്കേ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം വേദിപങ്കിടുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് പേരുവെട്ടിയതെന്നാണ് വിശദീകരണം. എന്നാല്‍ രാഷ്ട്രീയേതരനായ ശ്രീധരനെ ബി.ജെ.പി അവതരിപ്പിക്കുമോ എന്നും രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജും ഇടംപിടിച്ചിട്ടുണ്ട്.