രാമക്ഷേത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്തതിരിച്ചടിയായിരുന്നു അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോല്‍വി. എന്തുകൊണ്ട് ബി.ജെ.പിക്കെതിരെ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിധിയെഴുതിയെന്ന് പറയുകയാണ് രാമക്ഷേത്ര നഗരിയിലെ ഇ റിക്ഷാ ഡ്രൈവര്‍മാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലല്ലു സിംഗിനെ സമാജ്വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദ് സിങ് മികച്ച ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് യോഗിയും മോദിയുമൊക്കെ സര്‍ക്കാര്‍ നേട്ടമായാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നത് ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാകുന്നില്ലെന്നാണ്. കാര്യമായ വരുമാനമില്ലാത്തത് ജീവിത പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറയുന്നു. ഉദ്ഘാടനം നടന്ന ആദ്യ ആഴ്ചകളില്‍ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ധാരാളമായെത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ.പ്രദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണന ഞങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു.
റോഡ് അടക്കം അടിസ്ഥാന വികസനങ്ങളിലെല്ലാം സര്‍ക്കാര്‍ പിന്നോട്ടാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ മറ്റിടങ്ങളിലും ഫൈസാബാദിന് സമാനമായ അവസ്ഥയു?ണ്ടാകുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ അയോധ്യ വികസനത്തില്‍ പിന്നോട്ടാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ഞങ്ങള്‍ റിക്ഷ ഓടിക്കുന്നു. അയോധ്യ നിര്‍മ്മിക്കുന്നതും വികസിപ്പിക്കുന്നതും ഞങ്ങള്‍ കണ്ടു.എന്നാലും ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ബി.ജെ.പി സ്ഥാനാര്‍ഥി ഞങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടില്ല.
ഒരാള്‍ പോലും ഞങ്ങളെ കേള്‍ക്കാന്‍ തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഇടക്കിടക്ക് വരും, വന്‍ റാലികള്‍ നടത്തും പോകും.മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും വലിയ വാര്‍ത്തയാകും. എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ കേള്‍ക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇത് തുടര്‍ന്നാല്‍ അയോധ്യയിലെ വിധിയാകും മറ്റിടങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുക.
ഞങ്ങളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. 500 മുതല്‍ 800 രൂപ വരെ സമ്പാദിച്ചിരുന്നിടത്ത് ഇപ്പോള്‍ 250 രൂപ പോലും കിട്ടാത്ത ദിവസങ്ങളുണ്ടെന്ന് റിക്ഷാതൊഴിലാളികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം കൂടി തിരിച്ചടിയായതോടെ ജൂണ്‍ നാലിന് ശേഷം അവസ്ഥ കൂടുതല്‍ മോശമായി. തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.