X

വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താന്‍; എ.ജിക്ക് റവന്യൂ മന്ത്രിയുടെ മറുപടി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. കയ്യേറ്റക്കേസില്‍ കോടതിയില്‍ ആര് ഹാജരാകണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മന്ത്രിസഭയിലെ അനൈക്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹാജരാകുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം അഭിമാനപ്രശ്‌നമാക്കിയിരിക്കുകയാണ് സി.പി.ഐ.

അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി എ.ജിയോടുള്ള റവന്യൂ വകുപ്പിന്റെ അതൃപ്തി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്നലെ വ്യക്തമാക്കി. പത്രസമ്മേളനം വിളിച്ചല്ല, രേഖാമൂലമാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടത്. കത്തിന് മറുപടി നല്‍കാത്ത എ.ജിയുടെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. എ.ജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. റവന്യൂ കേസുകള്‍ നടത്തി പരിചയമുള്ള അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ റവന്യൂ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വകുപ്പിന്റെ അധിപനാണ് താന്‍. റവന്യൂ വകുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതും താനാണ്. കേരളത്തിന്റെ റവന്യൂ സമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയുമായി റവന്യു വകുപ്പ് മുന്നോട്ടു പോകുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എ.ജിക്കെതിരെ രംഗത്തെത്തി. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിയമം നടക്കുമെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു. എജി സര്‍ക്കാറിനു മുകളിലല്ല, റവന്യൂ സെക്രട്ടറി റവന്യൂ മന്ത്രിക്കു മുകളിലുമല്ലെന്ന് കാനം പറഞ്ഞു. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
റവന്യൂ വകുപ്പിന്റെ കേസുകളില്‍ സാധാരണ ഹാജരാകുന്ന അഡീഷനല്‍ എജിയെ തോമസ് ചാണ്ടിക്കെതിരായ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മാറ്റി നിര്‍ത്തിയത് കേസ് ദുര്‍ബലപ്പെടുത്തുനാണെന്നതാണ് സി.പി.ഐയുടെ നിലപാട്.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രമിനല്‍ കേസ് എടുക്കാന്‍ കഴിയുമെന്ന് നേരത്തെ റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ഹാജരായാല്‍ മതിയെന്നാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിലപാട്. ഇതിന് മുഖ്യമന്ത്രിയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ ആര് ഹാജരാകണമെന്നത് തന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണ് എന്നാണ് എ.ജിയുടെ പക്ഷം. ഇത്തരം കാര്യങ്ങളില്‍ എ.ജിക്കു നിര്‍ദേശം നല്‍കാന്‍ മന്ത്രിമാര്‍ക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം പരിഗണിക്കാമെന്ന് സുധാകര പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ രഞ്ജിത് തമ്പാനെ മാറ്റുന്നതിന് പിന്നില്‍ താത്പര്യങ്ങളുണ്ടെന്നാണ് സി.പി.ഐ കരുതുന്നത്. രാജേന്ദ്രനു പിന്നാലെ, കാനവും നിലപാട് കടുപ്പിച്ചതോടെ പ്രശ്‌നം മുന്നണിയെ കൂടി ബാധിക്കും. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നല്‍കിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗൗരവത്തിലെടുക്കാത്തതിലും സി.പി.ഐക്ക് പരാതിയുണ്ട്.

chandrika: