X

ദ്രോഹ ഭരണത്തിനെതിരെ ജനം ഒന്നിക്കണം: ഹൈദരലി തങ്ങള്‍

തിരുവനന്തപുരം: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറും കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറും ജനവിരുദ്ധ നടപടികളില്‍ മത്സരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വ നിലപാടുകള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കുമെതിരെ വന്‍ ജനമുന്നേറ്റത്തിനുള്ള സമയമായിരിക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു.
ഇരുകൂട്ടരില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് യു.ഡി.എഫിലെ എല്ലാ കക്ഷികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘ്പരിവാര്‍. എന്ത് കഴിക്കണമെന്നും എങ്ങനെ വിശ്വസിക്കണമെന്നും വരെ അവരാണ് നിശ്ചയിക്കുന്നത്. ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കൊന്നും മോദി സര്‍ക്കാറിന്റെ ഭരണത്തില്‍ രക്ഷയില്ലെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.
നോട്ടുപിന്‍വലിച്ചതിനെ തുടര്‍ന്നുള്ള ദുരിതത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സാധാരണക്കാരെയാണ് ഈ നടപടി ഏറ്റവുമധികം ബാധിച്ചത്. ഗ്രാമീണ-സഹകരണ മേഖലയെ നോട്ടു പ്രതിസന്ധി ദോഷകരമായി ബാധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. വന്‍കിടക്കാര്‍ക്കും കുത്തക വ്യവസായികള്‍ക്കും സാമ്പത്തിക നയങ്ങള്‍ അടിയറ വെച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ക്ക് ഒന്നും ശരിയാക്കാന്‍ കഴിയുന്നില്ലെന്നും തങ്ങള്‍ കുറ്റപ്പെടുത്തി.
ഐ.എ.എസ് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം കാരണം സംസ്ഥാന ഭരണം നിശ്ചലമാണ്. ഫയലുകള്‍ കെട്ടിക്കിടക്കുന്നു. അരി കിട്ടാനില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. വിദ്യാഭ്യാസ മേഖല കലുഷിതമാണ്. സ്‌കൂള്‍ കലോല്‍സവത്തില്‍ പോലും ഭീതിയുടെ അന്തരീക്ഷമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നിലമൊരുക്കിയും ക്ഷേമപെന്‍ഷന്‍ വെട്ടിക്കുറച്ചും എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനദ്രോഹ നിലപാട് തുടരുകയാണ്. ഇതില്‍ നിന്നെല്ലാം കേരള ജനതയെ രക്ഷിക്കാനുള്ള കടമയാണ് യു.ഡി.എഫ് ഏറ്റെടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ ജനാധിപത്യ-മതേതര വിശ്വാസികളുടെ ഐക്യം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫ് നടത്തുന്ന ശ്രമങ്ങളെ മുസ്‌ലിംലീഗ് അകമഴിഞ്ഞ് പിന്തുണക്കുമെന്നും തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഘടകകക്ഷി നേതാക്കളായ എ.എ അസീസ്, വര്‍ഗീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ സംസാരിച്ചു. അബ്ദുസ്സമദ് സമദാനി, എ.ഐ.സി.സി പ്രതിനിധി തങ്കബാലു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, അനൂപ് ജേക്കബ്, പി.പി തങ്കച്ചന്‍ തുടങ്ങിയവരും യു.ഡി.എഫ് എം.എല്‍.എമാരും കക്ഷിനേതാക്കളും സംബന്ധിച്ചു.

chandrika: