X
    Categories: More

ബഹുമുഖ പ്രതിഭ; അതുല്യനായ രാഷ്ട്രീയ വ്യക്തിത്വം

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശസ്തനും സുപരിചിതനുമായ അമൂല്യ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ശബ്ദം ലോകാന്തരങ്ങളില്‍ എത്തിക്കുന്നതിലും ഇന്ത്യയും ഇസ്‌ലാമിക ലോകവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി തുടര്‍ച്ചയായി ആറു തവണ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു വ്യക്തിത്വം എന്ന വിശേഷണം മാത്രം മതി ഇ. അഹമ്മദ് സാഹിബ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു എന്നറിയാന്‍.

1938 ഏപ്രില്‍ 29 ന് ജനിച്ച ഇ. അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും തിരുനവന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയുമായി. മുക്കടവ് വാര്‍ഡില്‍ നിന്ന് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായി.

1967-ല്‍ 29-ാം വയസ്സില്‍ കണ്ണൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1977, 1980, 1982 വര്‍ഷങ്ങളിലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982-87 കാലയളവില്‍ വ്യവസായ മന്ത്രിയായി. കേരള ഗ്രാമീണ വികസന ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനായി 1971 മുതല്‍ 77 വരെ പ്രവര്‍ത്തിച്ചു.

1991-ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. തുടര്‍ന്ന് 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളിലും തുടര്‍ച്ചയായി പാര്‍ലമെന്റിലെത്തി. ഒന്നാം യു.പി.എ സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായ അദ്ദേഹം റെയില്‍വേ സഹമന്ത്രിയായും മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രിയായും തിളങ്ങി.

വിദേശകാര്യം, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ടൂറിസം, പൊതുഭരണം, ശാസ്ത്ര സാങ്കേതികം, വനം-പരിസ്ഥിതി തുടങ്ങി നിരവധി പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ദൂതനായി അഹമ്മദ് സാഹിബിനെ ജി.സി.സി രാജ്യങ്ങളിലേക്കയച്ചു. 1991 മുതല്‍ 2014 വരെ അഞ്ച് പ്രധാനമന്ത്രിമാരുടെ നിര്‍ദേശ പ്രകാരം പത്ത് തവണ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ജി.എം ബനാത്ത് വാലയുടെ വിയോഗാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായി.

മുസ്ലിം രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ഫലസ്തീന്‍ അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടിയും ഇ. അഹമ്മദ് സാഹിബ് അനവരതം പ്രവര്‍ത്തിച്ചു. ഫലസ്തീന്‍ വിമോചന നേതാവ് യാസിര്‍ അറഫാത്തുമായുള്ള സൗഹൃദം പ്രസിദ്ധമാണ്. 2002-ലെ ഗുജറാത്ത് കലാപ സമയത്ത് സുരക്ഷാ മുന്നറിയിപ്പുകള്‍ വകവെക്കാതെ ഇരകളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

പത്ര മാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പണ്ഡിതോചിത ലേഖനങ്ങള്‍ എഴുതിയിരുന്ന അഹമ്മദ് സാഹിബ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: