കണ്ണൂര്‍: പ്രതിസന്ധികളുടെ കൊടുങ്കാറ്റിലും പേമാരിയിലും സുരക്ഷയേകിയ ആ വന്‍മരം കടപുഴകിയപ്പോള്‍ അവശേഷിച്ച മധുരസ്മരണകളെ പുല്‍കുകയാണ് സിതാര. ജീവിതവഴിത്താരയില്‍ ഒരിക്കലെങ്കിലും ജനനേതാവിന്റെ കരുതലും സ്‌നേഹവും അനുഭവിച്ചറിഞ്ഞവര്‍, പിതൃ വാത്സല്യം നുകര്‍ന്നവര്‍, ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും പടുകുഴിയില്‍ തങ്ങള്‍ക്ക് നേരെ നീണ്ട ആ കാരുണ്യഹസ്തങ്ങളുടെ
ഊര്‍ജ്ജത്തില്‍ ഉയിര്‍ത്തെഴുന്നേറ്റവര്‍, സമൂഹം തീര്‍ത്ത അക്ഷരവിലക്കില്‍പ്പെട്ട് ഉഴലവെ നേതാവ് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്ഷരവെളിച്ചത്തില്‍ ജീവിതം കരുപ്പിടിച്ചവര്‍ എന്നിങ്ങനെ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ സന്ദര്‍ശകരുടെ ഒഴുക്കാണ് ഇ അഹമ്മദിന്റെ കണ്ണൂര്‍ താണയിലെ വസതിയായ സിതാരയില്‍.
വിധി തന്നില്‍ നിന്നും പ്രിയപിതാവിനെ തട്ടിയെടുത്തപ്പോള്‍ ആ ശൂന്യത അറിയിക്കാതെ വാത്സല്യവര്‍ഷം ചൊരിഞ്ഞ പിതൃതുല്ല്യനായ അഹമ്മദിന്റെ വസതിയില്‍ ഇന്നലെ അതിരാവിലെ തന്നെ ഡോ.എം.കെ മുനീര്‍ എത്തിയിരുന്നു. ഉള്ളിലെ വേദന കടിച്ചമര്‍ത്താന്‍ അദ്ദേഹം നന്നേ പണിപ്പെട്ടു. പാണക്കാട് നിന്നും ഹമീദലി ശിഹാബ് തങ്ങളും എത്തി. വ്യവസായ പ്രമുഖനായ പി.കെ അഹമ്മദ്, എം.എ യൂസഫലിയുടെ മരുമകന്‍ ഷംസീര്‍, അല്‍മദീന ഗ്രൂപ്പ് ഉടമ പാക്കരി കുഞ്ഞബ്ദുല്ല ഹാജി, എം.എല്‍.എമാരായ പി.കെ ബഷീര്‍, പാറക്കല്‍ അബ്ദുല്ല,കെ.എം ഷാജി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരും സിതാരയിലെത്തി.
വിശ്വപൗരന്റെ വസതിയില്‍ രാജ്യത്തിന് പുറത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തി. സന്ദര്‍ശകരെ അഹമ്മദിന്റെ മക്കളായ റയീസ് അഹമ്മദ്, നസീര്‍ അഹമ്മദ്, ഡോ.ഫൗസിയ, അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ റാഫി, ഷഫീഖ്, നസീര്‍, ഇസ്മായില്‍, വി.പി വമ്പന്‍ എന്നിവര്‍ സ്വീകരിച്ചു.