ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഏറ്റവും മുതിര്‍ന്ന ഒരു പാര്‍ലമെന്റ് അംഗത്തോട് കാണിച്ച പൊറുക്കാനാവാത്ത അനാദരവ് മൂടിവെച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ മുന്നറിയിപ്പ് നല്‍കി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞു വീണ ഇ.അഹമ്മദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ എന്ത് നടന്നു, എന്തൊക്കെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായി എന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണം. അവസാന മണിക്കൂറുകളില്‍ ഇ.അഹമ്മദിനോട് കാണിച്ചിരിക്കുന്ന ഏറ്റവും വലിയ അനാദരവ് ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പാര്‍ലമെന്റ് വേറെ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്നും കെ.സി.വേണുഗോപാല്‍ എം.പി ചോദിച്ചു. 44 വര്‍ഷത്തെ പാര്‍ലമെന്ററി അനുഭവമുള്ള വ്യക്തിയാണ് ഇ.അഹമ്മദ്. 28 വര്‍ഷക്കാലം പാര്‍ലമെന്റ് അംഗമായിരുന്നു.
16 വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു. പത്ത് വര്‍ഷം കേന്ദ്രമന്ത്രിയുമായി. അത്തരം ഒരാള്‍ക്കാണ് ഇത്തരം ദുരനുഭവം നേരിടേണ്ടിവന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം മതവിശ്വാസം അനുസരിച്ച് പരിശുദ്ധമായ സംസം വെള്ളം നല്‍കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അനുവദിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആസ്പത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതുപോലും അനുവദിച്ചില്ല. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും സ്പീക്കറിന് വലിയ സമ്മര്‍ദ്ദമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ലോക്സഭയില്‍ നടന്ന സംഭവങ്ങള്‍. ലോക്സഭാ സമിതിയെ കൊണ്ടുള്ള അന്വേഷണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകും- വേണുഗോപാല്‍ പറഞ്ഞു.
അഹമ്മദിനോട് ഇത്തരത്തില്‍ പെരുമാറിയിട്ടും അക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ പോലും കഴിയാതിരുന്നതിനാല്‍ സഭാംഗമായിരിക്കുന്നത് എന്തിനാണെന്നു പോലും തോന്നിപ്പോയെന്ന് ലോക്സഭയിലെ സി.പി.എം കക്ഷിനേതാവ് പി കരുണാകരന്‍ എം.പി പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത വശമാണിത്. അങ്ങേയറ്റം നിരാശാജനകമായ കാര്യമാണിത്. കാല്‍ നൂറ്റാണ്ടുകാലം എം.പിയും കേന്ദ്ര മന്ത്രിയും ഒന്നരപ്പതിറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന ഇ അഹമ്മദിന്റെ മരണം ആസ്പത്രി അധികൃതര്‍ മൂടിവച്ചത് സമ്മര്‍ദ്ദം കൊണ്ടാവാം. എന്നാല്‍ ഒരു ആതുരാലയം ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു ഇത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.അഹമ്മദിനോടും കുടുംബത്തോടും ചെയ്ത മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെ എംപിമാരുടെ ഒപ്പുശേഖരണം നടത്തുമെന്ന്് ആര്‍.എസ്.പി എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇ.അഹമ്മദിനോട് കാണിച്ച അനാദരവ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മകള്‍ പ്രധാനമന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ സഭയില്‍ പ്രതികരണം നടത്തേണ്ടിയിരുന്നതായും എന്‍.കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അഹമ്മദിന് മികച്ച ചികിത്സ നല്‍കുകയാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണ്് ബാന്‍ഡേജ് കൊണ്ട് കെട്ടിയ നിലയിലാണ് തങ്ങള്‍ക്ക് കാണാനായത്. എന്തിനായിരുന്നു അത്-അദ്ദേഹം ചോദിച്ചു. ബജറ്റ് അവതരണം ഏതാനും മണിക്കൂറെങ്കിലും നീട്ടിവെക്കാനുള്ള സാധ്യത സര്‍ക്കാറിന് മുമ്പിലുണ്ടായിരുന്നു. ഒരു മുതിര്‍ന്ന മന്ത്രിയുടെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതിയെന്താകും? – രാമചന്ദ്രന്‍ ചോദിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പൊലീസ് ഇടപെടലുണ്ടായ ശേഷവും തങ്ങള്‍ക്ക് അഹമ്മദിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മുസ്്‌ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പറഞ്ഞു.