X

ഇ. അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം

ഖത്തര്‍ ശൂറാ അംഗം ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഉമൈദാന്‍ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരോടൊപ്പം

കണ്ണൂര്‍: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഖത്തര്‍ പാര്‍ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാനാണ് അഹമ്മദുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഗള്‍ഫ്-ഇന്ത്യ ബന്ധത്തിന് വേണ്ടി അഹമ്മദ് സാഹിബ് ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്.

അവ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ. ഇന്ത്യയുടെ മതേതര സ്വഭാവം അറബ് ലോകമറിഞ്ഞത് അഹമ്മദിലൂടെയാണ്. അഹമ്മദ് സാഹിബുമായി പറഞ്ഞു തീരാത്തത്ര ബന്ധമാണുള്ളത്. ആ പെരുമാറ്റവും ലാളിത്യവും വല്ലാതെ ആകര്‍ഷിക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളെ കൂടി ബന്ധപ്പെടുത്തി വികസനമെത്തിക്കാന്‍ അഹമ്മദ് സാഹിബിന് സാധിച്ചു. അറബ് സുഹൃത്തുക്കളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അറേബ്യന്‍ സമൂഹവും ദുഖിക്കുകയാണ്. ലോകത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഡോക്ടര്‍ പറഞ്ഞു.

വിവിധ മതങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതര സ്വഭാവം അറബ് സമൂഹത്തിന് കാണിച്ച് കൊടുത്തത് അഹമ്മദ് സാഹിബായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നഷ്ടങ്ങള്‍ അധികാരി വര്‍ഗത്തിന് മുന്നില്‍ അവതരിപ്പിക്കുക വഴി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നേതാവാണ് അദ്ദേഹം. അറബ് രാജ്യത്തെ അസ്വസ്ഥകളില്‍ പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി തൊട്ട് ഇന്ത്യന്‍ ഭരണാധികാരികള്‍ അറബ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും അവ പൂര്‍ണ്ണതയിലെത്തിക്കുന്നതിനും അഹമ്മദ് സാഹിബിനെയാണ് ഉപയോഗപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഓരോ ഗള്‍ഫ് യാത്രയിലും ഇന്ത്യയുടെ മഹത്തായ സന്ദേശമുണ്ടായിരുന്നു. അറബ് ജനതയ്ക്ക് അഹമ്മദ് സാഹിബുമായുള്ള മതിപ്പ് ചെറുതല്ല. ഫലസ്തീന്‍ വിമോചന നായകന്‍ യാസര്‍ അറാഫാത്ത് ഒരിക്കല്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്. അഹമ്മദ് സാഹിബിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കുറിച്ചുള്ള സാമീപ്യവും സഹായവും അറിഞ്ഞതെന്നാണ് യാസര്‍ അറാഫത്ത് ഒരിക്കല്‍ പറഞ്ഞത്.

കോഴിക്കോടും കണ്ണൂരും കണ്ട പുരുഷാരം അഹമ്മദ് സാഹിബിന് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് വേണ്ടി തന്നെ പാര്‍ലിമെന്റില്‍ ജീവിതം അവസാനിപ്പിച്ച നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും അദ്ദേഹം പറഞ്ഞു.

chandrika: