ഡോ. പുത്തൂര്‍ റഹ്മാന്‍
അറബ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി ഇത്ര ശക്തമായ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു ഇന്ത്യന്‍ മന്ത്രിയും ഇ. അഹ്മദ് സാഹിബിനെ പോലെ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ ഔദ്യോഗിക സന്ദേശവുമായി യുഎഇലെത്തി അന്ന് യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ കണ്ട ഔദ്യോഗിക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക സന്ദേശവുമായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാനെയും ഇപ്രകാരം അദ്ദേഹം കണ്ടിട്ടുണ്ട്.
ശൈഖ് ഖലീഫയെ കൂടാതെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി തുടങ്ങിയവരുമായി അദ്ദേഹത്തിന് നിരന്തര ബന്ധമുണ്ടായിരുന്നു. ഫുജൈറ ഭരണാധികാരിയെ ഏഴിലധികം തവണ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
സഊദി രാജാവായിരുന്ന അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ്, ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ് തുടങ്ങിയവരെ പല തവണ നേരിട്ടു കാണുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു അദ്ദേഹം. കഅ്ബ കഴുകുന്ന പുണ്യ ചടങ്ങില്‍ നിരവധി തവണ പങ്കെടുക്കാന്‍ കഴിഞ്ഞ അപൂര്‍വതയും ഇ. അഹ്മദ് സാഹിബിന് മാത്രം സ്വന്തമായതാണ്. ബഹ്‌റൈന്‍ രാജാവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ബഹ്‌റൈന്‍ കെ.എം.സി.സിക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം നേടിക്കൊടുക്കാന്‍ സഹായിക്കുകയുണ്ടായി.
ഗുലാം നബി ആസാദ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഓപണ്‍ സ്‌കൈ പോളിസി നടപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രവാസികളുടെ വിമാന യാത്രയിലെ നിരക്കുകൊള്ള ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലക്കാണ് ഓപണ്‍ സ്‌കൈ പോളിസിക്ക് വേണ്ടി അദ്ദേഹം വാദിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളം ആരംഭിക്കുന്നതിന് ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ അഹ്മദ് സാഹിബിന് സാധിച്ചു. സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സഹായകമായിരുന്നു. അതിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.
അതുപോലെ, ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ റമദാന്‍ പോലുള്ള പുണ്യ വേളകളില്‍ ഭരണാധികാരികളുടെ മാപ്പ് ലഭിച്ച് പുറത്തിറങ്ങാന്‍ സഹായിക്കുന്നതിലേക്കും ആ പ്രവര്‍ത്തനങ്ങള്‍ നീണ്ടിരുന്നുവെന്നതും സ്മര്‍ത്തവ്യമാണ്. ഇന്ത്യയിലുടനീളം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അദ്ദേഹം വിദേശ കാര്യ സഹ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായിക്കുകയുണ്ടായി.
മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് തുടങ്ങാന്‍ ഇ. അഹ്മദ് സാഹിബിന്റെ നീക്കങ്ങള്‍ ശ്‌ളാഘനീയമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതല്ലല്ലോ. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ അദ്ദേഹം ശക്തമായ സമ്മര്‍ദവും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായും മറ്റും കുടുങ്ങിയ നിരവധി ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ അദ്ദേഹം തന്നാലാകുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ-അധ:സ്ഥിത സമൂഹങ്ങളുടെ ഉന്നമനത്തിന് വേണ്ടി പട പൊരുതിയ മുസ്‌ലിം ലീഗിന്റെ ജിഹ്വയായ ചന്ദ്രികയില്‍ ഒരുകാലത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ള അദ്ദേഹം അവസാനം പങ്കെടുത്ത പരിപാടിയും ചന്ദ്രികയുടേതായിരുന്നു. ചന്ദ്രിക നവീകരണവുമായി ബന്ധപ്പെട്ട് ദുബൈ കെഎംസിസി അടുത്തിടെ ദുബൈയില്‍ സംഘടിപ്പിച്ച പ്രചാരണ ചടങ്ങിലായിരുന്നു അത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ചന്ദ്രികയുടെ പൂര്‍വകാല ചരിത്രവും നാള്‍വഴികളും അദ്ദേഹം സദസ്സുമായി പങ്കു വെച്ചത് ഏവര്‍ക്കും ഹൃദയാവര്‍ജകമാകുന്ന വിധത്തിലായിരുന്നു.
ഞാന്‍ ബ്രിട്ടനിലെ കിംഗ്‌സ് കോളജ് ഹോസ്പിറ്റലില്‍ ചികിത്സാര്‍ത്ഥം ഉണ്ടായിരുന്ന സമയത്ത് എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കിയത് ഈ വേളയില്‍ ഓര്‍ക്കുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ആശുപത്രിയിലേക്കയച്ച് ആവശ്യമായ മുഴുവന്‍ സഹായങ്ങളും എത്തിക്കാന്‍ അദ്ദേഹം കാട്ടിയ ഔത്സുക്യവും സന്മനോഭാവവും കാരുണ്യപൂര്‍ണമായ സമീപനവും ഞാനെന്നും നന്ദിയോടെ സ്മരിക്കും. അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
(യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)