X

എം.എസ്.എഫിനെ കരുത്തനാക്കിയ ലീഡര്‍

കെ. അബൂബക്കര്‍

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രസ്ഥാനമായും സംഘടനകള്‍ വളരേണ്ടതിന്റെ ആവശ്യകത ദീര്‍ഘദര്‍ശനത്തോടെ കണ്ട രാഷ്ട്രീയ-സാമൂഹിക നേതാവായിരുന്നു ധൈഷണികനായ കെ.എം സീതി സാഹിബ്.മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് യുവജനപ്രസ്ഥാനം ഉണ്ടാവേണ്ടത്, രാഷ്ട്രീയ ചുമതകള്‍ ഏറ്റെടുക്കാന്‍ സഹായകമാണെന്ന കാര്യത്തില്‍ പല വിപ്ലവാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വിളനിലമായിരുന്ന കൊടുങ്ങല്ലൂരിന്റെ ആ വീരപുത്രന് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നകന്ന രാഷ്ട്രീയം പഠിക്കുന്ന ഒരു യുവതലമുറയാണ് അടിയന്തരമായി വേണ്ടതെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു സീതി സാഹിബ്.

നേരത്തെ തന്നെ മലബാറില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു കേരള സംസ്ഥാന രൂപവല്‍ക്കരണത്തോടെ ഒരു ഏകീകൃത ഭാവം വേണമെന്നതായിരുന്നു ആ മഹാത്മാവിന്റെ സുചിന്തിത അഭിപ്രായം. സി.എച്ച് മുഹമ്മദ്‌കോയയേയും, പി.എം അബൂബക്കറിനെയും പോലുള്ള സാരഥികളെ വളര്‍ത്തിയെടുത്ത മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷനു സംസ്ഥാനതലത്തില്‍ ഒരു ഏകീകൃത രൂപം വേണമെന്നതായിരുന്നു സാഹിബിന്റെ സ്വപ്‌നം. അതിനു ചിറകേകാന്‍ നിയോഗിക്കപ്പെട്ടത് മലബാറില്‍ എം.എസ്.എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവനേതാവ് ഇ.അഹമ്മദ് സാഹിബായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ത്ഥികളെ അഹമ്മദ് തന്നെ എറണാകുളത്ത് വിളിച്ചുവരുത്തി. 1958ല്‍ സ്റ്റേറ്റ് എം.എസ്.എഫ് രൂപവല്‍ക്കരിക്കപ്പെടുകയും ചെയ്തു. എറണാകുളം ലോകോളജ് വിദ്യാര്‍ത്ഥി ആയിരുന്ന കൊയിലാണ്ടിക്കാരന്‍ കെ.എം കുഞ്ഞിമായന്‍ പ്രസിഡന്റ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നിന്നുള്ള കണ്ണൂര്‍ സ്വദേശി ഇ.അഹമ്മദ് ജനറല്‍ സെക്രട്ടറി. പില്‍ക്കാലങ്ങളില്‍ ജുഡീഷ്യറിയിലും പൊലീസ് വകുപ്പിലും ഒക്കെ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച മലപ്പുറത്തേയും തിരുവനന്തപുരത്തേയും കോട്ടയത്തെയും ആലപ്പുഴയിലുമൊക്കെയുള്ള വിദ്യാര്‍ത്ഥികള്‍ പല തസ്തികകളില്‍ ഭാരവാഹികളായി.

കോളജ് വിദ്യാഭ്യാസം ഇടക്ക് നിര്‍ത്തി, കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്ന ലേഖകന്റെ പേരിനു നേര്‍ക്കാണ് ട്രഷറര്‍ തസ്തികയുടെ നറുക്ക് വീണത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഴിതെറ്റിപ്പോകുമോ എന്ന രക്ഷകര്‍ത്താക്കള്‍ ആശങ്കപ്പെട്ട കാലം. സാക്ഷാല്‍ സീതി സാഹിബിനു നിയമബിരുദം നേടാന്‍ കാലതാമസം നേരിട്ടതും, കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി.എച്ചിനു ഡിഗ്രിപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും ഒക്കെ ചരിത്രം.

മുസ്‌ലിംലീഗിന്റെ നേതൃനിരയിലുണ്ടായിരുന്ന എന്റെ പിതാവ് ബി.വി അബ്ദുല്ലക്കോയയെക്കണ്ട് വിവരം അറിയിക്കാനുള്ള ചുമതലക്ക് ജനറല്‍ സെക്രട്ടറി എന്നെയാണ് എടുത്തത്.
ബി.വി അബ്ദുല്ലക്കോയ സ്മരണികയില്‍ ആ അനുഭവം അഹമ്മദ് പകര്‍ത്തിയത് ഇങ്ങനെ ആയിരുന്നു:”ആദ്യത്തെ എതിര്‍പ്പ് അബ്ദുല്ലക്കോയ സാഹിബില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അബു എം.എസ്.എഫിന്റെ ട്രഷററായിരിക്കുന്നു. ഇനി പ്രസംഗങ്ങളും പരിപാടികളുമൊക്കെ ആയാല്‍ തന്റെ മൂത്ത മകന്റെ പഠിത്തം പെരുവഴിയിലായതുതന്നെ.”

അദ്ദേഹം എന്റെ നേര്‍ക്ക് കയര്‍ത്തു. ആരോട് ചോദിച്ചിട്ടാണ് ഈ തീരുമാനം എടുത്തത്.
ഞാന്‍ സീതി സാഹിബിന്റെയും സി.എച്ചിന്റെയും പേരുകള്‍ പറഞ്ഞു. അദ്ദേഹം ഒന്നു തണുത്തു. പഠനത്തിനു ഒരു തകരാറും വരാത്തവിധമാണ് എം.എസ്.എഫ് പ്രവര്‍ത്തനമെന്നു ഞാന്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കലാണ് എം.എസ്.എഫിന്റെ പുതിയ ഭാരവാഹികളുടെ അജണ്ട എന്നുകൂടി പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സ് തുറന്നു ചിരിച്ചു.” അറുപത് വര്‍ഷത്തോളം നീണ്ട ആ സ്‌നേഹബന്ധത്തിന്റെ ചരടിതാ ഇപ്പോള്‍ അറ്റുപോയിരിക്കുന്നു.

അഹമ്മദ് എന്ന യുവ അഭിഭാഷകന്‍ രാഷ്ട്രീയത്തിലേക്കും ഞാന്‍ പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞെങ്കിലും ഞങ്ങള്‍ ഒരു ഘടികാരത്തിന്റെ സൂചികള്‍പോലെ ഒപ്പമായിരുന്നു. ഞാന്‍ തന്നെ അദ്ദേഹത്തിനു പില്‍ക്കാലത്ത് ലഭിച്ച സ്ഥാനലബ്ധിയില്‍ അനുമോദിച്ചു സംസാരിച്ചപോലെ ആ ഘടികാരത്തില്‍ മിനിട്ട് സൂചികയെ വഴിയില്‍ വിട്ട്, സെക്കന്റ് സൂചി കുതിച്ചുപായുകയായിരുന്നു.
എം.എസ്.എഫ് കാരനായി കുറ്റിച്ചിറയിലെ പ്രസംഗ പീഠത്തില്‍ എന്നെ കയറ്റിയത് അദ്ദേഹമായിരുന്നു. കോളജിലെ വേനല്‍ക്കാല അവധിയില്‍ എന്നെ ചന്ദ്രിക ഓഫീസിലെ എഡിറ്റോറിയല്‍ ഡെസ്‌കില്‍ കൊണ്ടുചെന്നാക്കിയതും അദ്ദേഹം തന്നെ.

കണ്ണുരില്‍ നിന്നു വരുമ്പോഴൊക്കെ രണ്ടുനാള്‍ മുമ്പൊരു പോസ്റ്റ് കാര്‍ഡ് എനിക്ക് വിടും. ”പ്രിയപ്പെട്ട അബു. ഞാന്‍ നാളെ മെയിലിനു വരുന്നു സ്റ്റേഷനില്‍ കാണുമല്ലോ.”
ഞാന്‍ എന്റെ സൈക്കിളില്‍ കയറി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തും. സെക്രട്ടറിയെ സൈക്കിളിന്റെ കാരിയറില്‍ ഇരുത്തി, അദ്ദേഹം താമസിച്ചിരുന്ന പാരിസ് ലോഡ്ജിലോ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രിക ആപ്പീസിലോ കൊണ്ടു ചെന്നെത്തിക്കും.

സി.എച്ചും വി.സി അബൂബക്കറും, പി.എ മുഹമ്മദ്‌കോയ, പി.എം അബൂബക്കറും, യു.എ ബീരാനും ഒക്കെ അരങ്ങ് ഭരിച്ച ചന്ദ്രികയില്‍ അബ്ദുല്‍ ഖയ്യൂം സാഹിബിന്റെ എഡിറ്റിങ്ങും, എം.ആലിക്കുഞ്ഞി സാഹിബിന്റെ റിപ്പോര്‍ട്ടിങ്ങും ഒക്കെ കണ്ടുപഠിച്ച് ഞാനും ഒരു പത്രക്കാരനായി.
മിക്കവാറും അഹമ്മദ് സാഹിബിന്റെ ഷിഫ്റ്റില്‍ അപ്രന്റിസായി കഴിഞ്ഞുവന്ന എനിക്ക് അദ്ദേഹം ഡ്യൂട്ടി അവസാനിപ്പിക്കുന്ന സമയത്ത് തന്നെ പേന താഴെവെച്ച് ഇറങ്ങാന്‍ സീനിയര്‍ എഡിറ്റര്‍മാര്‍ സാവകാശം തന്നിരുന്നു.

സ്‌കൂളുകളും കോളജുകളും താണ്ടിയിറങ്ങി എം.എസ്.എഫ് ശാഖകള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നത് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ബി.വി സ്മരണികയില്‍ അദ്ദേഹം എഴുതി: ”ഞാനും രാജ്യവും അടുത്ത സഹപ്രവര്‍ത്തകര്‍ എന്ന പോലെ ഉറ്റചങ്ങാതിമാരുമായി. നടപ്പും കിടപ്പും ഒന്നിച്ച്, ഊണും ഉറക്കവും ഒന്നിച്ച്. എന്റെ സല്‍ക്കാരം സ്വീകരിച്ച അബുവും അബുവിന്റെ ആതിഥ്യം ഏറ്റുവാങ്ങി ഞാനും പലയിടത്തും ചുറ്റിക്കറങ്ങും.”

ഒടുവില്‍ നേരം അല്‍പം വൈകിച്ചെന്നാല്‍ പോലും ‘കരിയാടന്‍ വില്ല’യിലെ വാതില്‍ തുറന്നുതരുന്നതില്‍ അബ്ദുല്ലക്കോയ സാഹിബിനും ഭാര്യക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. നിരത്തുവക്കിലെ ആ വിളക്ക് മരമെന്നപോലെ പൂപ്പന്തലിട്ട് നിന്ന ആ തേന്മാവും ആ മാതള വൃക്ഷവും സാക്ഷി.”

എന്റെ വിവാഹത്തിനു 1960ലെ ക്രിസ്മസ് ദിനത്തില്‍ മംഗളപത്രവുമായി വന്ന ആ വലിയ മനുഷ്യനോട് ”മധുരതരമായി പ്രതികാരം ചെയ്യാന്‍ ആറു മാസത്തിനകം തന്നെ എനിക്ക് അവസരം ലഭിച്ചു. 1961 മേയ് 14ന് അദ്ദേഹം കണ്ണൂര്‍ സിറ്റിയിലെ മക്കാടത്ത് നിന്ന് പുതിയാപ്പിള ആയി വളപട്ടണത്തെ ഭാര്യവീട്ടിലേക്ക് ഇറങ്ങുമ്പോള്‍ ഈ ട്രഷററാണ് മംഗളപത്രം വായിച്ചുനല്‍കിയത്.”ആ ഓര്‍മകളെല്ലാം ഇന്ന് കണ്ണീരിന്റെ പുതപ്പണിയുന്നു. ഒരു റോഡപകടത്തെ തുടര്‍ന്ന് പ്രിയതമ എ.കെ.വി സുഹറ എന്നെന്നേക്കുമായി കണ്ണടച്ച 1999നു ശേഷം പതിനെട്ടു വര്‍ഷങ്ങളായി ഏകാന്തതയായിരുന്ന ആ ജീവിതത്തിനു കാലം സാക്ഷി.

chandrika: