ലണ്ടന്‍: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ ഇ. അഹമ്മദിന് ബ്രിട്ടനിലെ പ്രവാസി മലയാളികളും യാത്രാമൊഴിയേകി. പിന്നോക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ വക്താവിന്റെ ഓര്‍മകളില്‍ മലയാളികള്‍ക്കൊപ്പം വിങ്ങുകയായിരുന്നു പ്രവാസി മനസുകളും.
ബ്രിട്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ ഹൃദയ ബന്ധം ഊട്ടിയുറപ്പിച്ച ആ നയതന്ത്രജ്ഞന്റെ വേര്‍പാട് രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് ഏവരും സ്മരിച്ചു. എക്കാലവും നീതിക്കായി നിലകൊണ്ട മലബാറിന്റെ അന്താരാഷ്ട്ര മുഖം ഇനിയെല്ലെന്ന വേദനയിലായിരുന്നു ബ്രിട്ടനിലെ പ്രവാസി സമൂഹം. തന്റെ പ്രവര്‍ത്തിപഥത്തില്‍ സക്രിയമായി നിന്ന് കൊണ്ട് തന്നെ ലോകത്തോട് വിടപറഞ്ഞ ആ മഹാന് വിദേശത്ത് നിന്നും നിറകണ്ണുകളോടെയുള്ള യാത്രാമൊഴി.
ബ്രിട്ടന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ അനുസ്മരണ സദസും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികളടക്കം നിരവധിപേര്‍ പങ്കെടുത്തു. അഹമ്മദിന്റെ വിയോഗം നികത്താനാവാത്ത വിടവാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.
പ്രവാസികള്‍ക്ക് നിരവധി സേവനങ്ങള്‍ ചെയ്ത ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് പ്രസിഡന്റ് അസൈനാര്‍ കുന്നുമ്മല്‍ അനുസ്മരിച്ചു. കഴിഞ്ഞതവണ കെ.എം. സി.സി സംഘടിപ്പിച്ച നടന്ന ഈദ് മീറ്റില്‍ അദ്ദേഹം നടത്തിയ പ്രസംഗവും അസൈനാര്‍ കുന്നുമ്മല്‍ ഓര്‍മിച്ചു. വിദേശങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും അതിന് പരിഹാരമുണ്ടാക്കുന്നതിനും അഹമ്മദ് സാഹിബിനോളം പ്രയത്‌നിച്ച മറ്റൊരാളില്ലെന്ന് ട്രഷറര്‍ കരീം മാസ്റ്റര്‍ പറഞ്ഞു.
നാസര്‍ പുതിയേരി, മമ്മത് കോട്ടക്കല്‍, സുബൈര്‍ കവ്വായി, അഹമ്മദ് അരീക്കോട്, നസ്‌റുല്‍ ഹഖ് മോങ്ങം, നുജൂം എറിലോട്ട്, മുനീര്‍, സുബൈര്‍ കോട്ടല്‍, അബൂബക്കര്‍, മുഹമ്മദാലി ചങ്ങരംകുളം, അഡ്വ. അഫ്‌സല്‍, ഷാനവാസ് പ്രസംഗിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ ലണ്ടന്‍ പ്രതിനിധി കരീം ഹുദവി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് മയ്യിത്ത് നിസ്‌കാരവും നടന്നു.