X

സിനിമാ കഥകളെ വെല്ലുന്ന ജീവിതകഥയുമായി ഇന്ത്യന്‍ വംശജനായ സ്വിസ് എം.പി നിക്ക്

സിനിമാകഥകളെ വെല്ലുന്നതാണ് ഇന്ത്യന്‍ വംശജനായ സാമുവല്‍ ഗുഗ്ഗിറിന്റെ ജീവിതകഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ 143 വിദേശ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി നടത്തുന്ന സമ്മിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതോടെയാണ് സ്വിറ്റ്‌സര്‍ലണ്ട് എം.പി നിഗ്‌ളസ് സാമുവല്‍ ഗുഗ്ഗിര്‍ ശ്രദ്ധിക്കപ്പെടുന്നത്. നയതന്ത്രത്തിന്റെ ഭാഗമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. . ജനിച്ചയുടനെ മകന്റെ മികച്ച ഭാവിക്കായ് മകനെ വിദേശികളായ ദമ്പതികള്‍ക്ക് കൈമാറിയ മാതാവുപോലും കരുത്തിയിട്ടുണ്ടാവില്ല തന്റെ മകന്‍ ഇത്രയും വലിയ ഒരു സ്ഥാനത്ത് എത്തുമെന്നും രാജ്യത്തിന്റെ വിദേശ നയതന്ത്ര വേദിയില്‍ പങ്കാളിയാവുമെന്നും.

കര്‍ണാടകയിലെ ഉടുപ്പിയില്‍ സി.എസ്.ഐ ലംബാര്‍ഡ് ഹോസ്പിറ്റലില്‍ 1970 മേയ് ഒന്നിനായിരുന്നു നിക്കിന്റെ ജനനം. ജനിച്ചു ദിവങ്ങള്‍ക്കകം മാതാവ് അനസൂയ മകന്റെ മികച്ച ഭാവിക്കായ് കുഞ്ഞിനെ വിദേശികളായ ഫ്രിറ്റ്‌സ്എലിസബത്ത് ദമ്പതികള്‍ക്ക് കൈമാറി. തുടര്‍ന്ന് നിക്കുമായി കേരളത്തിലെത്തിയ പുതിയ മാതാപിതാക്കള്‍ ഇവിടെ നാലു വര്‍ഷം തങ്ങി. ഈ സമയങ്ങളില്‍ തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ മാതാവ് ജര്‍മനി ഭാഷ അധ്യാപികയായും പിതാവ് നട്ടൂര്‍ ടെക് നിക്കല്‍ ട്രൈയിനിങ്  ഫൗണ്ടേഷനില്‍ ടൂള്‍ മേക്കറായും പ്രവര്‍ത്തിച്ചു. പിന്നീട് മകനുമായി ഇരുവരും മാതൃരാജ്യമായി സ്വിറ്റ്‌സര്‍ലണ്ടിലേക്കു മടക്കി. അവിടെയായിരുന്നു നിക്കിന്റെ തുടര്‍ന്നുള്ള ജീവിതം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിക്കിനെ തുടര്‍പഠനത്തിന് അയക്കാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു മാതാപിതാക്കള്‍ക്ക്. എന്നാല്‍ ട്രക്ക് ഡ്രൈവറായും പൂന്തോട്ട സൂക്ഷിപ്പുക്കാരനായും ജോലിചെയ്ത് ലഭിച്ച വരുമാനക്കൊണ്ട് തുടര്‍ പഠനം പൂര്‍ത്തിയാക്കി.

പഠനത്തിനു ശേഷം ഒരേസമയം ജോലിയും സാമൂഹ്യപ്രവര്‍ത്തനവുമായി മുന്നോട്ടു പോയ നിക്ക്. 2002ല്‍ ജര്‍മ്മന്‍ അതിര്‍ത്തിക്കടുത്ത് സുറിച്ചിന്റെ വടക്കുകിഴക്കു പ്രദേശമായ വിന്റര്‍ത്തൂര്‍ ടൗണ്‍ നിന്നും കൗണ്‍സിലറായി തെരഞ്ഞടുക്കപ്പെട്ടു.ഇതോടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമാവുന്നത്. പിന്നീട് നീണ്ട പതിനഞ്ചു വര്‍ഷത്തെ രാഷ്ട്രീയ സേവനത്തിനൊടുവില്‍ 2017ല്‍ ചെറിയ പാര്‍ട്ടിയായ ഇവാഞ്ചലിക്കല്‍ പീപ്പിള്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് സ്വിസ് പാര്‍മെന്റില്‍ അംഗമാവുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രത്തില്‍ ഇടം നേടി. ഒടുവില്‍ തന്റെ ജന്മനാട്ടിലേക്ക് വിദേശ രാജ്യത്തെ പ്രതിനിധീകരിച്ച് നയതന്ത്ര സമ്മേളത്തില്‍ ക്ഷണം ലഭിക്കുമ്പോള്‍ ജീവിതത്തില്‍ വൈകാരിമായ നിമിഷമായിരുന്നു എന്ന്  നിക്ക് പറയുന്നു. വിവാഹ ജീവിതത്തില്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവായ  നിക്ക് തന്റെ മാതാവിന്റെ പേരായ അനസൂയ എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

chandrika: