X

ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി; റെയ്ഡിന് എത്തിയ എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു

കൊച്ചി: ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന്റെ ആതിഥ്യം സ്വീകരിച്ച് ഡിവൈഎസ്പിയും പൊലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് ‌ഡിവൈഎസ്പിയും പൊലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്.

പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. എസ്ഐയെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടിൽ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

webdesk14: