ലോകത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ജനതയാണ് ഫലസ്തീനിലേത്. ഓരോ ദിവസവും ഇസ്രാഈല്‍ സേനയുടെ തോക്കിനിരയാകുന്ന സാധാരണക്കാരുടെ എണ്ണം അവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം അധിനിവേശ വെസ്റ്റ്ബാങ്കിലെ നെബ്‌ലുസില്‍ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 പിറന്ന് രണ്ട് മാസം പിന്നിടുംമുമ്പ് ഫലസ്തീനില്‍ ഇസ്രാഈലിന്റെ തോക്കിനിരയായത് അറുപത് പേരാണ്. അവരില്‍ 13 പേര്‍ കുട്ടികളാണെന്നതാണ് ഏറെ ദു:ഖകരം. ഫലസ്തീനികളെ മുഴുവന്‍ തുടച്ചുനീക്കി ഭൂ വിസ്തൃതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രാഈല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാരായി നില്‍ക്കെ, ചോദിക്കാനും പറയാനും ആരുമില്ലാത്ത രീതിയില്‍ ഫലസ്തീന്‍ ജനത നിരന്തരം വേട്ടയാടപ്പെടുകയാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ അത്യന്താധുനിക ആയുധങ്ങളും പണവും ഒഴുക്കിക്കൊടുത്ത് ഉറഞ്ഞുതുള്ളുന്ന പാശ്ചാത്യ ശക്തികള്‍ പക്ഷേ, ഫലസ്തീനികളെ തിരിഞ്ഞുനോക്കുക പോലും ചെയ്യാറില്ല.
അന്താരാഷ്ട്രതലത്തില്‍ എരിവും ചൂടും ഏറെയുള്ള വിഷയമായി യുക്രെയ്ന്‍ യുദ്ധം സജീവ ചര്‍ച്ചക്കെടുക്കുന്ന ലോക മാധ്യമങ്ങക്ക് ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രാഈലിന്റെ ചെയ്തികള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കുപോലും ഫലസ്തീന്‍ വാര്‍ത്തകളോട് ഇരട്ടത്താമ്പുണ്ട്. നെബ്‌ലുസില്‍ 11 പേര്‍ കൊല്ലപ്പെട്ട ഇസ്രാഈല്‍ വെടിവെപ്പിനെ ഒരു പ്രമുഖ ഇന്ത്യന്‍ പത്രം ഒറ്റക്കോളത്തില്‍ ഒതുക്കിയത്തന്നെ ഇതിന് തെളിവാണ്. പാശ്ചാത്യ ആയുധ ബലത്തില്‍ നടുനിവര്‍ന്നുനില്‍ക്കുന്ന യുക്രെയ്‌നികളെ ധീരരായി കാണുന്ന വന്‍ശക്തികള്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരിച്ചുവീഴുന്നവരെ ഭീകരരായാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ അവഗണന പേറുമ്പോഴും യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെ മുന്‍പന്തിയില്‍ ഫലസ്തീനുമുണ്ടായിരുന്നു. വിമോചന പോരാട്ടം നടത്തുന്ന ജനതകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഫലസ്തീന്‍ എക്കാലവും മുന്നിലുണ്ടാകാറുണ്ട്. അധിനിവേശത്തിന്റെ ഭീകരത മറ്റാരെക്കാളും നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന അവര്‍ക്ക് അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനകളെ അവഗണിക്കാനാവില്ല. ലോകത്തിന്റെ ഏത് മൂലയിലും ആളുകള്‍ സ്വന്തം നാടിനുവേണ്ടി രക്തം ചിന്തുകയും പിടഞ്ഞുമരിക്കുകയും ചെയ്യുമ്പോള്‍ അത്തരമൊരു ദുരിതക്കടലില്‍ നില കിട്ടാതെ നീന്തുന്നവരാണ് തങ്ങളുമെന്ന യാഥാര്‍ത്ഥ്യം ഫലസ്തീനികള്‍ക്ക് അതിവേഗം മനസ്സിലാകുന്നു. എല്ലാവര്‍ക്കുമുള്ളത് ഒരേ വേദനകളും സങ്കടങ്ങളും. ബോംബ് സ്‌ഫോടനങ്ങളും വെടിയൊച്ചകളും കേട്ട് ഉറക്കമില്ലാതെ രാത്രികള്‍ തള്ളിനീക്കുന്ന ഫലസ്തീന്‍ ജനതക്ക് യുക്രെയ്‌നില്‍ ഭയവിഹ്വലരായി അലറിക്കരയുന്ന സ്ത്രീകളോടും കുട്ടികളോടും ഐക്യപ്പെടാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.
ഏഴ് പതിറ്റാണ്ടിലേറെയായി ഇസ്രാഈലിന്റെ ഭീകര ദംഷ്ട്രങ്ങള്‍ക്കുകീഴില്‍ കോഴിക്കുഞ്ഞിനെപ്പോലെ പകച്ചുനില്‍ക്കുന്ന ഫലസ്തീനികള്‍ അവഗണനയുടെ കയ്പ്പുനീര് കടിച്ചിറക്കിയാണ് ജീവിക്കുന്നത്. അധിനിവേശ ശക്തികള്‍ക്കെതിരെ അന്താരാഷ്ട്ര നിയമം എത്രമാത്രം ശക്തമാണെന്ന് ഫലസ്തീനികള്‍ മാത്രമല്ല, ലോകം മുഴുവന്‍ തിരിച്ചറിഞ്ഞത് യുക്രെയ്ന്‍ യുദ്ധത്തോടെയാണ്. അമേരിക്കയും സഖ്യകക്ഷികളും ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് റഷ്യയെ വരിഞ്ഞുമുറുക്കിയപ്പോള്‍ ഇത്രമാത്രം ശക്തമാണോ അന്താരാഷ്ട്ര സംവിധാനങ്ങളെന്ന് ഫലസ്തീനികള്‍ സംശയിച്ചുപോയി. യുദ്ധം ആളിക്കത്തുന്നതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ജീവന്‍ പണയപ്പെടുത്തിയാണെങ്കിലും യുക്രെയ്‌നില്‍ ഓടിയെത്തി. റഷ്യന്‍ അധിനിവേശത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവര്‍ നരകയാതന അനുഭവിക്കുന്ന ഫലസ്തീനികളുടെ കാര്യത്തിലെത്തുമ്പോള്‍ മൗനം പാലിക്കുകയാണ്. യുക്രെയ്‌നില്‍നിന്ന് ധാന്യക്കയറ്റുമതി നിലച്ചതുകൊണ്ട് ലോകത്ത് പട്ടിണി വര്‍ധിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ക്ക് വിശന്ന് പൊരിയുന്ന ഫലസ്തീനികളെ കാണുമ്പോള്‍ കണ്ണീര്‍ പൊടിയുന്നില്ല. വന്‍ ശക്തികളുടെ തണലാണ് ഇസ്രാഈലിനെ കൂടുതല്‍ അഹങ്കാരിയാക്കുന്നത്. അടുത്തിടെ യു.എന്‍ രക്ഷാസമിതിയില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ഇസ്രാഈല്‍ വിരുദ്ധ പ്രമേയത്തിന്റെ അവതരണം പോലും അമേരിക്ക ഇടപെട്ട് തടഞ്ഞു. യു.എന്‍ പോലും ഫലസ്തീന്‍ വിഷയത്തില്‍ മൗനത്തിലേക്ക് വലിയുകയാണ്. അനീതി നിറഞ്ഞ ഇത്തരമൊരു ലോകക്രമത്തില്‍ ഫലസ്തീനികള്‍ക്ക് മാത്രമല്ല, പീഡിതരായ ആരും നീതി പ്രതീക്ഷിക്കേണ്ടതില്ല.