X

ഡിവൈഎഫ്‌ഐയുടെ കൊലവിളി; കേസെടുക്കാൻ പൊലീസ്, കോൺഗ്രസ് നേതാവിന്‍റെ മൊഴിയെടുക്കും

കോൺഗ്രസ് പ്രാദേശിക നേതാവിനെതിരായ ഡിവൈഎഫ്‌ഐയുടെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ പൊലീസ്. കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിനെതിരെയുള്ള കൊലവിളി പ്രസംഗത്തിലാണ് കേസെടുക്കുക. സംഭവത്തിൽ നിജേഷിന്റെ മൊഴിയെടുക്കും. പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് നിജേഷ് പോസ്റ്റ് ഷെയർ ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പോസ്റ്റിനെതിരെ നൽകിയ പരാതിയിൽ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു.

അതിനിടെയാണ് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. കഴിഞ്ഞ മാസം മുപ്പതിനാണ് നിജേഷിനെതിരെ പൊലീസ് കേസെടുത്തത്. 29-ന് രാത്രിയാണ് പൊതുയോഗത്തിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത്.

‘പട്ടിയെ തല്ലുന്നതുപോലെ തെരുവിലിട്ട് തല്ലാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചത്. വീട്ടിൽ കയറി തല്ലാനാണ് പോയത്. പൊലീസ് പിന്തിരിപ്പിച്ചു. നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്‌ഐ തീരുമാനിക്കും’, എന്നായിരുന്നു കൊലവിളി പ്രസംഗം. നിജേഷിന്റെ പരാതിയിൽ കേസെടുക്കാതെ, സിപിഐഎം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. വീണ്ടും പരാതി നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് നിജേഷ് പറഞ്ഞു.

webdesk13: