X

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം

ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് നോക്കി നില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം നടന്നത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നും ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പകപോക്കലെന്നുമാണ് ആരോപണം. വീട്ടുകാരെയും മര്‍ദിച്ചതായാണ് പരാതി. മാരകായുധങ്ങളുമായെത്തിയാണ് അമ്പതോളം പേരടങ്ങിയ സംഘം വീട് ആക്രമിച്ചത്.വീടിന് മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളും തകര്‍ത്തു.

ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സുഹൈലും മുന്നിലുണ്ടായിരുന്നു. ഇതിനോടുള്ള പക പോക്കലെന്നോണം സുഹൈല്‍ വീട്ടിലില്ലാത്ത സമയത്തെത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചു വിടുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. പൊലീസ് അക്രമികളെ സഹായിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

 

 

 

webdesk13: