X
    Categories: keralaNews

കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; പിന്നില്‍ നിയോഗം പോലെ അരിയില്‍ ഷുക്കൂര്‍

കോഴിക്കോട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധപരിപാടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പരിപാടി നടന്നത് സിപിഎമ്മുകാര്‍ ക്രൂരമായി കൊലചെയ്ത അരിയില്‍ ഷുക്കൂറിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ബസ് സ്റ്റോപ്പിന്റെ മുന്നില്‍ വെച്ചാണ്. ചിത്രത്തില്‍ ഷുക്കൂറിന്റെ ചിത്രം നന്നായി തെളിഞ്ഞു കാണാം. ഒരു നിയോഗം പോലെ പ്രതിഷേധ പരിപാടിയുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ട ഷുക്കൂറിന്റെ ഫോട്ടോ ഡിവൈഎഫ്‌ഐ നേതൃത്വത്തിന് കൊലപാതകരാഷ്ട്രീയം സംബന്ധിച്ച ആത്മപരിശോധനക്ക് കൂടിയുള്ള അവസരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

2012ലാണ് തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ നിര്‍ദേശപ്രകാരം കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം വിചാരണ ചെയ്ത് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ ആരവങ്ങളുടെ അകമ്പടിയോടെ അതിക്രൂരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ എതിരാളികളെ വിചാരണ ചെയ്ത് കൊലപ്പെടുത്താന്‍ സിപിഎമ്മിന് പാര്‍ട്ടി കോടതിയുണ്ടെന്ന് തെളിഞ്ഞ സംഭവം കൂടിയായിരുന്നു ഷുക്കൂറിന്റെ കൊലപാതകം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: