X

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കില്ലെന്ന് എം. ലിജു

ആലപ്പുഴ: കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു. സിയാദിന്റേ
ത് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഉണ്ടായ കൊലപാതകമാണെന്നും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ലിജു പറഞ്ഞു.

കോണ്‍ഗ്രസിലെ ഒരാള്‍ക്കും സിയാദിന്റെ കൊലപാതകവുമായി ബന്ധമില്ല. അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരപരാധിയാണ്. കായംകുളത്ത് ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ വിഭാഗീയത ഉള്‍പ്പടെ വിശദമായി പരിശോധിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ബൈക്കിലെത്തിയ രണ്ടുപേരും കാറിലെത്തിയ രണ്ടുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ ഗുണ്ടാനേതാവായ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കരളില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

chandrika: