X

ആക്രമിച്ചത് ഡി.വൈ.എഫ്.ഐ നേതാക്കൾ, ഓഫീസ് ആക്രമിക്കരുതെന്ന ധാരണ സി.പി.എം ലംഘിച്ചു: സി.പി.ഐ

മുഖത്തലയില്‍ സി.പി.ഐ. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി ഘടകകക്ഷിയായ സി.പി.ഐ. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായാല്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന പരസ്പരധാരണ മറികടന്നാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെ എത്തിയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നു. ലൈബ്രറി ഉള്‍പ്പെടെ നശിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. കടയ്ക്കലില്‍ ഉള്‍പ്പെടെ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന് ധാരണയുണ്ടാക്കിയിരുന്നതാണ്. അത് ലംഘിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ നടന്നതാണ് ആക്രമണം. എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തോടും സന്ധിചെയ്യില്ലെന്നാണ് സി.പി.ഐ നിലപാട്.

കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ ചൊവ്വാഴ്ച എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പാര്‍ട്ടി ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്. ഇരുസംഘടനകളും കോളേജില്‍, വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ സമാഹരിക്കുന്ന പരിപാടി നടത്തിയിരുന്നു. കൂടുതല്‍ സാധനങ്ങള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചതിനെത്തുടര്‍ന്ന് മാഗസില്‍ എഡിറ്ററെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിടുകയും ചെയ്തു. എഡിറ്ററെ പുറത്തിറക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരെ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ പറയപ്പെടുന്നത്.

സി.പി.ഐ.ക്കുപോലും പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതി-എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: ഭരണത്തിലെ രണ്ടാംകക്ഷിയായ സി.പി.ഐ.ക്കുപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവണ്ണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം അപലപനീയമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. മുഖത്തലയിലെ സി.പി.ഐ ഓഫീസ് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീസുരക്ഷയില്‍ പരാജയപ്പെടുകയും വേട്ടക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയുകയും ചെയ്തതിലൂടെ പാര്‍ട്ടിയും ഭരണവും പ്രതിസ്ഥാനത്താണ്. കുറ്റാരോപിതര്‍ക്ക് സംരക്ഷണകവചം തീര്‍ക്കുന്നതില്‍ സി.പി.ഐ സ്വീകരിച്ച അയഞ്ഞ സമീപനം പാര്‍ട്ടി ഓഫീസിനുനേരേ നടത്തിയ ആക്രമണത്തിന് കാരണമായി സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ., കുരീപ്പള്ളി സലിം, ജി.വേണുഗോപാല്‍, സജി ഡി.ആനന്ദ്, എ.എല്‍.നിസാമുദീന്‍, ജി.രാധാകൃഷ്ണപിള്ള, ഷൈലജ, അനില്‍കുമാര്‍, വിക്രമന്‍ പിള്ള എന്നിവര്‍ സംബദ്ധിച്ചു.

webdesk13: