X

പി.കെ ശശിക്കെതിരായ നടപടി വൈകുന്നു; പാര്‍ട്ടിക്കെതിരെ പാലക്കാട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്

പാലക്കാട്: സി.പി.എം ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍, പരാതിയില്‍ ഗൂഢാലോച നടന്നെന്ന ആരോപണം അന്വേഷിക്കാനാണ് കമ്മീഷന് താല്‍പര്യം എന്നാണ് സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം. അതേസമയം പരാതിക്കുമേല്‍ നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി ഇന്നലെ സി.പി.എം സംസ്ഥാന കമ്മിറ്റിയും പരിഗണിച്ചിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായില്ലെന്ന ന്യായവാദമാണ് ഇതിന് സി.പി.എം നല്‍കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി, അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയെന്നാണ് സൂചന. പി.കെ ശശി കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പരോക്ഷമായി പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാനുണ്ടെന്നും വിശദീകരിച്ച് റിപ്പോര്‍ട്ട് പൂഴ്ത്താനാണ് സി.പി.എം നീക്കം.

അടുത്തമാസമാണ് ഇനി സംസ്ഥാന കമ്മിറ്റി കൂടുന്നത്. അതിന് മുമ്പ് സമവായ നീക്കത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ചര്‍ച്ചക്കെടുത്താല്‍ പി.കെ ശശിക്കെതിരെ നടപടി എടുക്കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ അവസാനവട്ട ശ്രമമാണ് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് നടത്തുന്നതെന്നാണ് സൂചന. ശശിക്കെതിരെ നടപടി എടുക്കുകയും പിന്നീട് ശശി എം.എല്‍.എ ആയി തുടരുകയും ചെയ്യുന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി പ്രതിസന്ധി ഉണ്ടാക്കും. പ്രത്യേകിച്ചും നിയമസഭാ സമ്മേളനം നടക്കുമ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പാര്‍ട്ടി നേതാവിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നടപടി ഉണ്ടായാല്‍ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്ന ഭീതി സി.പി.എമ്മിനുണ്ട്.

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവും കോവളം എം.എല്‍.എയുമായ എ.വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം.എല്‍.എയെ ജയിലലടക്കാന്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പൊലീസില്‍ പരാതി നല്‍കിയാല്‍ ഇതേ രീതി തന്നെ പി.കെ ശശി വിഷയത്തിലും സര്‍ക്കാരിന് സ്വീകരിക്കേണ്ടിവരും. ഇതൊഴിവാക്കാനുള്ള നാടകമായിരുന്നു സെക്രട്ടറിയേറ്റ് അംഗങ്ങളുടെ അന്വേഷണ പ്രഹസനമെന്നും ആക്ഷേപമുയരുന്നുണ്ട്.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ യുവതി കഴിഞ്ഞ ഓഗസ്റ്റ് 14നാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എം.എല്‍.എ അപമര്യാദയായി പെരുമാറിയെന്നന്നും ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതി. പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. എം.എല്‍.എ ഫോണ്‍ വിളിച്ചതിന്റെ ഓഡിയോ ടേപ്പ് ഉള്‍പ്പെടെ തെളിവുകളോടെയാണ് യുവതി പരാതി നല്‍കിയത്.

2017 ഡിസംബറിലാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. ഡി.വൈ.എഫ്.ഐ, സി.പി.എം ജില്ലാ കമ്മിറ്റികളില്‍ പരാതി എത്തിയെങ്കിലും യുവതിയെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. തുടര്‍ന്നാണ് പരാതി എഴുതി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കി. എന്നാല്‍ രണ്ടാഴ്ച കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെ പരാതിയുടെ കോപ്പി ജനറല്‍ സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും മെയില്‍ വഴി നല്‍കി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി ലഭിച്ചതായി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

chandrika: