X

‘ആത്മഹത്യ ചെയ്യാന്‍ കാരണം മോശം കൂട്ടുക്കെട്ട്’; മിഷേലിനെയും വാളയാര്‍ പെണ്‍കുട്ടികളെയും അധിക്ഷേപിച്ച് ഡിവൈഎഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്‍ട്ട് മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ആഞ്ഞടിച്ചത്. മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യാന്‍ കാരണം കൊച്ചിയിലെ മോശം കൂട്ടുക്കെട്ടില്‍ പെട്ടതിനാലാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ കണ്ടെത്തല്‍. വാളയാറിലെ സഹോദരിമാരില്‍ മൂത്തവള്‍ കൊല്ലപ്പെട്ടത് വീടിനടുത്തു താമസിച്ച ബന്ധു കാരണമാണെന്ന് കണ്ടെത്തിയിട്ടും ഇളയ സഹോദരിക്ക് കൂടുതല്‍ സംരക്ഷണം നല്‍കാത്തതു കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. രണ്ടു കുട്ടികളുടെയും മരണത്തിനു കാരണം മാതാപിതാക്കളുടെ ശ്രദ്ധകുറവ് മൂലമാണെന്ന് റോബര്‍ട്ട് കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി വരുത്തുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാറിന്റേത് ആക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.
മിഷേലിനും വാളയാറിലെ പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രതികരണം. വാളയാര്‍ വിഷയത്തിലും മിഷേലിന്റെ മരണത്തിലും പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ട് ഇടപ്പെട്ടിരുന്നു.
റോബര്‍ട്ടിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാറിനെ ന്യായീകരിച്ച് പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ് റോബര്‍ട്ട് ചെയ്തതെന്ന് പരക്കെ ആക്ഷേപമുണ്ട്.
റോബര്‍ട്ട് ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ… ‘ആ വീട്ടില്‍ താമസിക്കുന്ന ബന്ധു’. ഇവന്‍ നാലു വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം.
മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുക്കെട്ടില്‍പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.

കേരളത്തിലെ സഹോദരിമാരെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം നടപ്പില്‍വരുത്തേണ്ട കണ്ണൂരിലെ പ്രധാന നേതാവാണ് മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇരുകേസുകളിലും അന്വേഷണസംഘം ഒരു നിഗമനത്തിലെത്തും മുമ്പാണ് ഡിവൈഎഫ്‌ഐ നേതാവ് കുറ്റക്കാരെയും കാരണവും നിരത്തി പോസ്റ്റിട്ടിരിക്കുന്നത്.
എസ്എഫ്‌ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹിയാണ് റോബര്‍ട്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായും റോബര്‍ട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

chandrika: