മലപ്പുറം: താനൂര്‍ എംഎല്‍എയുടെ ബാനറിലും പോസ്റ്ററിലും കരിഓയില്‍ ഒഴിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പ്രദേശത്തെ റോഡ് ഉദ്ഘാടനത്തിന് എംഎല്‍എ എത്താത്തതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പാര്‍ട്ടി വിശദീകരണം. പൊന്‍മുണ്ടം പഞ്ചായത്തില്‍ ഇനി വി. അബ്ദുറഹ്മാന്‍ എംഎല്‍എയെ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
റോഡ് ഉദ്ഘാടനത്തിന് എത്താത്തതാണ് തര്‍ക്കത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും താനൂരില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളാണ് എംഎല്‍എയുടെ ബാനറില്‍ കരി ഓയില്‍ ഒഴിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പണം വാരിയെറിഞ്ഞും കള്ള പ്രചരണങ്ങള്‍ നടത്തിയും വിജയിച്ച വി. അബ്ദുറഹ്മാനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്.
ജയിച്ചതിന് ശേഷം ജനങ്ങളുമായി അകന്നതും വികസന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ മന്ദിപ്പും ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇനിയും അബ്ദുറഹ്മാന് സീറ്റ് കൊടുക്കരുതെന്ന സന്ദേശം പാര്‍ട്ടിക്ക് നല്‍കുക എന്ന ലക്ഷ്യവും കരി ഓയില്‍ പ്രയോഗത്തിന് പിന്നിലുണ്ടെന്നാണ് വിവരം.