X

തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ട് അവിടെ തന്നെ നിർമിച്ചില്ലെന്ന് ദ്വിഗ്‍വിജയ് സിങ്

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധി വന്നിട്ടും എന്തുകൊണ്ട് അത് അവിടെ തന്നെ നിര്‍മിച്ചില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്. രാമക്ഷേത്ര നിര്‍മാണം നടക്കുന്നത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് ജനുവരി 22ന് നടക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷ്ഠ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.

‘രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട തര്‍ക്കത്തിന് 150 വര്‍ഷത്തെ പഴക്കമുണ്ട്. രാമന്‍ ജനിച്ചിടത്തും മസ്ജിദ് നിലനിന്നിരുന്നിടത്തും ക്ഷേത്രം പണിയണമെന്നതായിരുന്നു തര്‍ക്കത്തിന്റെ കാതല്‍. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധി വന്നപ്പോള്‍ എന്തുകൊണ്ട് അത് അവിടെ തന്നെ നിര്‍മിച്ചില്ല. ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണം നടക്കുന്നത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണ്’ ദ്വിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി.

‘നിര്‍മാണം പൂര്‍ത്തിയായ ശേഷം അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഞങ്ങള്‍ക്ക് ഭഗവാന്‍ രാമനില്‍ വിശ്വാസമുണ്ട്. ശ്രീരാമനെ കാണാന്‍ ഞങ്ങള്‍ ധൃതി കാണിക്കുന്നില്ല. അയോധ്യയിലെ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം ഞങ്ങള്‍ അവിടെ പോകും. ഒന്നാമതായി പറയുകയാണെങ്കില്‍, ഭഗവാന്‍ രാമനെ കാണാന്‍ ഞങ്ങള്‍ക്ക് ക്ഷണത്തിന്റെ ആവശ്യമില്ല. രണ്ടാമതായി, നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് ഹൈന്ദവ വേദങ്ങളില്‍ പറയുന്നില്ല.

മൂന്നാമതായി, ബി.ജെ.പിയും വിശ്വ ഹിന്ദു പരിഷത്തും ആര്‍.എസ്.എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ഇതിനെ ഒരു ഇവന്റാക്കി മാറ്റി. അതില്‍ പങ്കെടുക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പറയാമോ? ആരും പോകുന്നില്ല. ശങ്കരാചാര്യരും പോകുന്നില്ല… ഒരു സന്യാസിയും പോകുന്നില്ല. നിര്‍മോഹി അഖാഡയുടെ അവകാശങ്ങള്‍ അവര്‍ തട്ടിയെടുത്തു’ ദ്വിഗ്!വിജയ് സിങ് ആരോപിച്ചു.

webdesk13: