കശ്മീര്‍ സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്‍. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദ് അംഗമായ നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ ‘കുഞ്ഞു ഭീകരന്‍’ ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്.
അടുത്തിടെ കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ നൂര്‍ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയായ നൂര്‍ ദക്ഷിണ ക്ശമീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകളെന്ന് സൈന്യം വ്യക്തമാക്കി.
താഴ്‌വരയിലെ ജെയ്‌ഷെ മുഹമ്മദ് ശൃംഖലയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞു ഭീകരന്റെ ശ്രമം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ജെയ്‌ഷെ കമാന്‍ഡര്‍ ഖാസി ബാബയുടെ അടുത്ത അനുയായി ആയിരുന്നു നൂര്‍. ഖാസി ബാബ കൊല്ലപ്പെട്ടതിനു ശേഷം 2003 ഓഗസ്റ്റ് 31ന് നൂര്‍ അറസ്റ്റിലായി. തുടര്‍ന്ന് 2011ല്‍ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിഹാര്‍ ജയിലില്‍ കുറച്ചു നാള്‍ പാര്‍പ്പിച്ചശേഷം പിന്നീട് ശ്രീനഗറിലെ ജയിലിലേക്ക് മാറ്റി. 2015ലാണ് ഇയാള്‍ക്ക് പരോള്‍ ലഭിക്കുന്നത്. ശേഷം പലവട്ടം ജമ്മു ആന്‍ഡ് കശ്മീര്‍ ഹൈക്കോടതി പരോള്‍ നീട്ടി നല്‍കിയിരുന്നു. മൂന്നുമാസം മുമ്പാണ് നൂര്‍ വീണ്ടും ഒളിവില്‍ പോയതായും ഭീകരസംഘടനയില്‍ ചേര്‍ന്നതായും കണ്ടെത്തിയത്. നൂറിന്റെ ഉയരക്കുറവ് ഇയാളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
നൂറിന്റെ ഉയരക്കുറവ് യാത്രകള്‍ക്കും തടസ്സം സൃഷ്ടിക്കുമെന്നും പൊലീസ് കരുതുന്നു. നൂര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ ചേര്‍ന്ന വിവരം പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈയടുത്ത് ജെയ്‌ഷെ മുഹമ്മദ് കശ്മീരില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ നൂറും മറ്റൊരു ജെയ്‌ഷെ കമാന്‍ഡറായ മുഫ്തി വഖാസുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഗസ്തില്‍ പുല്‍വാമ പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് ആവശ്യമായ ആയുധങ്ങള്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് വിതരണം ചെയ്തത് നൂര്‍ ആയിരുന്നു. അന്നത്തെ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 21ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രിക്കെതിരെ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഒക്ടോബര്‍ മൂന്നിന് ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം നടന്ന ആക്രമണത്തിലും നൂറിനു പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
സൈന്യത്തിന് തലവേദനയായി കുള്ളന്‍ ഭീകരന്‍
Tags: terror