X

ഡ്യൂട്ടി ഭാരം: പഠനം താളം തെറ്റി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

റിയാസ് കെ.എം.ആര്‍ തളിപ്പറമ്പ്

കോവിഡ് ഡ്യൂട്ടിയില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പഠനം താളം തെറ്റി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും പഠന കാലയളവിന്റെ ഭൂരിഭാഗം സമയത്തും കോവിഡ് ഡ്യൂട്ടി ചെയ്യേണ്ട ഗതികേടാണ്. ആവശ്യത്തിന് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് ഇരട്ടിഭാരമാണ് സൃഷ്ടിക്കുന്നത്. അതിന് പുറമെ കോവിഡ് ഡ്യൂട്ടിയില്‍ മാത്രമായി അവരെ ഒതുക്കി നിര്‍ത്തുമ്പോള്‍ പഠിക്കാനാവാതെ മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്.

ഒരു മാസത്തില്‍ ഏഴ് ദിവസത്തോളം ഇവര്‍ക്ക് കോവിഡ് ഡ്യൂട്ടിയാണ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌പെഷലൈസ് ചെയ്ത വിഭാഗങ്ങളില്‍ അവര്‍ക്ക് പ്രാക്ടിക്കല്‍ പഠനം സാധ്യമാവുന്നില്ല. എന്നാല്‍ പി.ജി. വിദ്യാര്‍ഥികളുടെ ജോലിഭാരം കുറച്ച് അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യമായ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ തയ്യാറായാല്‍ തന്നെ പി.ജി. വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനം നല്ല നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

സംസ്ഥാനത്തെ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 845 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കേണ്ടിടത്ത് 363 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിട്ടുള്ളത്. 482 ഒഴിവുകള്‍ അപ്പോഴും അവശേഷിക്കുകയാണ്. തിരുവനന്തപുരം മെഡി.കോളജില്‍ 249 പേര്‍ വേണ്ടിടത്ത് 50 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. കോഴിക്കോട് മെഡി.കോളജില്‍ 220 ന്റെ സ്ഥാനത്ത് 72 പേരെയും കോട്ടയത്ത് 125 പേര്‍ വേണ്ടിടത്ത് 75 പേരെയും തൃശൂരില്‍ 148 പേരുടെ സ്ഥാനത്ത് 72 പേരെയും മാത്രമാണ് നിയമിച്ചത്. 36 പേര്‍ വേണ്ട കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ 33 പേരെയും 67 പേര്‍ വേണ്ട ആലപ്പുഴയില്‍ 61 പേരെയും നിയമിച്ചു എന്നത് മാത്രമാണ് പേരിനെങ്കിലും ആശ്വാസം നല്‍കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതല്ലാതെ ഒരു തുടര്‍നടപടിയും കൈക്കൊണ്ടിട്ടില്ല. പുതിയ പി.ജി.ബാച്ചിന്റെ അലോട്ട്‌മെന്റ് നടത്താനുള്ള ഇടപെടല്‍ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കോവിഡ് ഡ്യൂട്ടിയെടുക്കുന്ന പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ 30,000 രൂപ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. അതേസമയം, കേരളത്തില്‍ കോവിഡ് ഡ്യൂട്ടിയെടുക്കുന്ന പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചില്ലിക്കാശ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പി.ജി.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന അനിശ്ചിത കാല സമരം ക്രിയാത്മകമായി പരിഹരിക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

 

Test User: