അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കില്‍ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഇന്ന് സന്തോഷത്തിന്റെ ദിനമാണെന്നും രാഹുലിന്റെ വിജയം രാജ്യത്തിന്റെ മൊത്തം വിജയമാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ‘ജനാധിപത്യം വിജയിച്ചു. ജനങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ട്. ജനങ്ങളെല്ലാവരും സന്തുഷ്ടരുമാണ്’. ഖാര്‍ഗെ പറഞ്ഞു.
5 മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധിയെത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖര്‍ സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
സൂര്യനെയും സത്യത്തെയും ഏറെനാള്‍ മൂടാനാവില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. നീതിപീഠം ജനങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഉറപ്പാണ് വിധി നല്‍കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
അതേസമയം എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. സത്യമേവ ജയതേ എന്ന് ഊന്നിപ്പറഞ്ഞ് നൂറുകണക്കിനാളുകള്‍ കൊടികളുയര്‍ത്തിയും പുഷ്പങ്ങള്‍ വിതറിയും രാഹുലിനെ വരവേറ്റു.