ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ ) മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എന്‍എസ്യുഐ നേടി. എബിവിപിക്ക് സെക്രട്ടറി സ്ഥാനം മാത്രമാണ് ലഭിച്ചത്.
റോക്കി തസ്സീദ് (പ്രസിഡന്റ്), കുണാല്‍ ഷെറാവത്ത് (വൈസ് പ്രസിഡന്റ്), അവിനാശ് യാദവ് (ജോയന്റ് സെക്രട്ടറി) എന്നിവരാണ് എന്‍എസ്യുെഎ വിജയികള്‍. എബിവിപിയുടെ മഹാമേധാ നാഗറാണ് സെക്രട്ടറി.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ രാജത് ചൗധരി, എന്‍എസ്യുഐടെ പാറുല്‍ ചൗഹ, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രാജ ചൗധരി, അല്‍ക്ക എന്നിവരെ പിന്നിലാക്കിയാണ് എന്‍എസ്യുഐയുടെ തുഷീധ് വിജയിച്ചത്. 2012നു ശേഷം ഇതാദ്യമായാണ് എന്‍.എസ്.യു. ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട മൂന്ന് സീറ്റുകളിലും എബിവിപിയ്ക്കായിരുന്നു വിജയം. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ്സിന്റെ ഫാസിസ്റ്റ് ആശയങ്ങളെ തകര്‍ത്തെറിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍എസ്യുഐ പറഞ്ഞു.
ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ ഫലം ഇതുവരെയെത്തിയിട്ടില്ല.