X

ടി.പി സെന്‍കുമാറിനെതിരെ ഡി.ജി.പി പദവിയുമായിബന്ധപ്പെട്ട് കേസ് വാദിച്ച ദുഷ്യന്ത് ദവെ

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രംഗത്ത്. സെന്‍കുമാറിന്റെ മനസ്സിലിരുപ്പ് അറിഞ്ഞിരുന്നുവെങ്കില്‍ ഡി.ജി.പിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെന്‍കുമാറിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിലും രാഷ്ട്രീയ നിലപാടുകളിലും വിമര്‍ശനവുമായെത്തുകയായിരുന്നു ദുഷ്യന്ത് ദവെ.

സെന്‍കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കില്ലായിരുന്നു. സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ നിരാശയും ദു:ഖവുമുണ്ട്- ദവെ കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളവാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ലൗജിഹാദ് ഉണ്ടെന്നും മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് ഇന്ത്യക്കകത്തുള്ള സംഘടനയാണ്. ഐ.എസും ആര്‍.എസ്.എസും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം, സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും എന്നാല്‍ തീരുമാനം സെന്‍കുമാറിന്റേതാണെന്നും കുമ്മനം
പറഞ്ഞു.

chandrika: