ഛണ്ഡീഗഡ്: ഹരിയാനാ മുഖ്യമന്ത്രിയായി വീണ്ടും ബി.ജെ.പി നേതാവ് മനോഹര്‍ ലാല്‍ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖട്ടാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗത്താലയും ഇന്നലെ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി വര്‍ക്കിങ് പ്രസിഡണ്ട് ജെ.പി നദ്ദ, പഞ്ചാബ് ഗവര്‍ണര്‍ വി.പി സിങ് ബഡ്‌നോര്‍, മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജെയ്‌റാം താക്കൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ ജനനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. അധ്യാപക നിയമന കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ദുഷ്യന്ത് ചൗത്താലയുടെ പിതാവ് അജയ് ചൗത്താലയും 14 ദിവസത്തെ പരോളിലിറങ്ങി ചടങ്ങില്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്നലെ അധികാരമേറ്റത്. ഇരു കക്ഷികളുടേയും മന്ത്രിമാരുടെ എണ്ണവും വകുപ്പു വിഭജനവും സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിസഭാ വികസനം പിന്നീടേ ഉണ്ടാകൂ. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ജെ.ജെ.പിക്ക് 10 സീറ്റും. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 31 അംഗങ്ങളുടെ പിന്തുണയുണ്ട്. ചെറു കക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കുമായി ഒമ്പതു സീറ്റാണ് ലഭിച്ചത്.
- 5 years ago
chandrika
ഹരിയാനയില്‍ ഖട്ടാര്‍ ചുമതലയേറ്റു; ദുഷ്യന്ത് ചൗത്താല ഉപമുഖ്യമന്ത്രി
Tags: haryana'