ന്യൂഡല്‍ഹി: പാചക വാതക വിലവര്‍ധനവ് ചൂണ്ടിക്കാട്ടി ബി. ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയെ ഉത്തരംമുട്ടിച്ച് മഹിളാ കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റ് നെറ്റ ഡിസൂസ. വിമാനയാത്രക്കിടയിലാണ് ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്.
യു.പി.എ ഭരണകാലത്ത് പാചക വാതക വിലവര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറേന്തി സമരം നയിച്ച സ്മൃതി ഇറാനിയെ ഡല്‍ഹി- ഗുവാഹത്തി വിമാനത്തില്‍ കണ്ട നേരത്താണ് നെറ്റ ഡിസൂസ അതേ വിഷയവുമായി നേരിട്ടത്. നെറ്റ വീഡിയോയില്‍ പകര്‍ത്തിയ സംഭാഷണം പിന്നീട് ട്വിറ്ററില്‍ പങ്കുവെച്ചു. മോദിയുടെ മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള വഴിയില്‍ മുഖാമുഖം കണ്ടു എന്നു പറഞ്ഞാണ് നെറ്റ ഡിസൂസ വീഡിയോ പങ്കുവെച്ചത്.
പാചകവാതകത്തിന്റെ സഹിക്കാനാവാത്ത വിലയെ കുറിച്ച് ചോദിച്ചപ്പോള്‍ വാക്‌സിനെയും റേഷനെയും പാവങ്ങളെയുമാണ് അവര്‍ കുറ്റപ്പെടുത്തിയത് എന്ന് നെറ്റ ട്വീറ്റ് ചെയ്തു. യാത്രക്കാര്‍ ഇറങ്ങികൊണ്ടിരിക്കുന്ന നേരത്താണ് സ്മൃതിയെ നെറ്റ ചോദ്യവുമായി നേരിട്ടത്. നെറ്റ തന്റെ വഴി മുടക്കുകയാണെന്ന് സ്മൃതി ആദ്യം പരാതിപ്പെട്ടുവെങ്കിലും നെറ്റ അവര്‍ക്കൊപ്പം നടന്ന് പാചക വാതകം ഇല്ലാത്ത സ്റ്റൗവിനെ കുറിച്ച് ചോദ്യം തുടര്‍ന്നു.
നെറ്റ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട് സ്മൃതിയും സംഭാഷണം മൊബൈലില്‍ പകര്‍ത്തി. ദയവ് ചെയ്ത് കള്ളം പറയരുത് എന്ന് സ്മൃതി മറുപടി പറയുന്നുണ്ടായിരുന്നു. തന്നെ തടഞ്ഞുനിര്‍ത്തി സംസാരിക്കുകയാണെന്ന് സ്മൃതി പരാതിപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം.