തൃശൂര്‍: വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് 14കാരന്റെ വയറിനുള്ളില്‍ കുടുങ്ങി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് പരാതി. ക്ലിപ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇതില്‍ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. സംഭവത്തില്‍ രോഗിയായ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ വാക്കാല്‍ പരാതി നല്‍കിയെന്നും രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കി.
എന്നാല്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ മറ്റൊരു ആശുപത്രി ഡയറക്ടറായ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ മാതാവ് സജ്‌ന പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോരാടും. ഡോ എമില്‍ ജോസഫാണ് സര്‍ജറി നടത്തിയത്. പിഴവുണ്ടായെന്ന് ആശുപത്രി അധികൃതരും സമ്മതിച്ചു. ജൂണ്‍ 12 നാണ് ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. ജൂലൈ 27 ന് വീണ്ടും സര്‍ജറി വേണമെന്ന് പറഞ്ഞു. സംശയം തോന്നി വേറെ ഡോക്ടറെ കാണിച്ചു. തുടര്‍ന്ന് കൊച്ചി അമൃതയില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചു. ഈ മാസം അഞ്ചിന് സര്‍ജറി നടത്തി സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുക്കുകയായിരുന്നുവെന്നും സജ്‌ന പറഞ്ഞു.