ന്യൂഡല്‍ഹി: ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ടയുടെ പരിസരത്തുള്ള കിണറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും നിറച്ച പെട്ടിയാണ് പബ്ലികേഷന്‍ കെട്ടിടത്തിനു പിന്നിലെ കിണറില്‍ നിന്നും ലഭിച്ചത്. ചെങ്കോട്ടയും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണര്‍ ശുദ്ധീകരിക്കുന്നതിനിടയിലാണ് ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ പെട്ടികള്‍ കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് സൈന്യവും ദേശീയ സുരക്ഷ സേനയും സ്ഥലത്ത് പരിശോധന നടത്തി. 5 മോര്‍ട്ടാര്‍ ഷെല്ലുകളും 44 വെടിയുണ്ടകളും കണ്ടെടുത്തതായി എന്‍.എസ്.ജി വ്യക്തമാക്കി. ഇവ കൊളോണിയല്‍ ഭരണകാലത്തെ സ്‌ഫോടക വസ്തുക്കളാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.