X

യമുന കരകവിഞ്ഞു; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: യമുനാ നദിയില്‍ ജലനിരപ്പുയരുന്നതിനാല്‍ ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
തീരത്തു താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ ആരംഭിച്ചു. ഹരിയാനയിലെ ഹാത്‌നി കുണ്ഡ് ബാരേജില്‍ നിന്നു 8.28 ലക്ഷം ക്യൂസെക്‌സ് ജലം. വെള്ളമാണു യമുനയിലേക്കു തുറന്നുവിട്ടത്. ഇതോടെയാണു നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നത്. യമുനയോടു ചേര്‍ന്നു പ്രദേശങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറിയതോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് യമുന നഗര്‍ അധികൃതര്‍ നടപടി തുടങ്ങിയത്. നദീതീരത്തു കൃഷി നടത്തുന്നവരാണ് ഇത്തരം കുടുംബങ്ങളില്‍ ഏറെയും. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഇടവിട്ടു നല്ല മഴ കിട്ടിയിരുന്നു. യമുനയിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും പ്രളയം ഉണ്ടായാല്‍പോലും നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം യമുനയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നതോടെ ഓള്‍ഡ് യമുന പാലത്തിനു മുകളിലുള്ള ഗതാഗതം കുറച്ചുദിവസത്തേക്കു നിര്‍ത്തിവച്ചിരുന്നു.

ഹാത്‌നി കുണ്ഡില്‍ നിന്നു കൂടുതല്‍ വെള്ളമെത്തിയാല്‍ ജലനിരപ്പ് വീണ്ടുമുയരുമെന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. അതേസമയം യമുനാ നദിയില്‍ മണല്‍ഖനനം വ്യാപകമാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി ജല ബോര്‍ഡ് ദേശീയ ഹരിത െ്രെടബ്യൂണലിനെ (എന്‍ജിടി) സമീപിച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനു സമിതിയെ നിയോഗിക്കാന്‍ എന്‍ജിടി നിര്‍ദേശിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നദിയില്‍ പലയിടത്തും തടയണകള്‍ നിര്‍മിച്ചു മണല്‍ ഖനനം നടത്തുന്നതായാണു ജലബോര്‍ഡ് പരാതിയില്‍ ആരോപിച്ചത്. നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ ഇതു തടസ്സപ്പെടുത്തുന്നതായും ജലബോര്‍ഡ് പരാതിപ്പെട്ടു.

chandrika: