കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ താളംതെറ്റി. ചൊവ്വ പുലര്‍ച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനുമുകളിലെത്തിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല.9 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലിറക്കി നാലെണ്ണം മണിക്കൂറുകള്‍ വൈകി.
പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ ഒമ്പത് വിമാനം വഴിതിരിച്ചുവിട്ടു. 4 സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പകല്‍ ഒന്നോടെയാണ് സര്‍വീസുകള്‍ സാധാരണനിലയിലായത്.
പുലര്‍ച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പുലര്‍ച്ചെ 3.40ന് ഷാര്‍ജയില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 352 വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 4.40ന് എത്തിയ ഗള്‍ഫ് എയറിന്റെ ബഹറൈന്‍ വിമാനവും 5.10ന് ദുബായില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 വിമാനവും 7.05ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 382 ദമാം വിമാനവും 7.10ന് ദുബായില്‍നിന്ന് എത്തിയ ഫ്‌ലൈ ദുബായി വിമാനവും നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.
7.45ന് അബുദാബില്‍നിന്ന് എത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 വിമാനം കണ്ണൂരിലേക്കും 8.05ന് എത്തിയ ഒമാന്‍ എയര്‍ വിമാനവും 8.40ന് ജിദ്ദയില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. 20ന് റിയാദില്‍നിന്ന് വന്ന ഫ്‌ലൈനാസ് എയര്‍ലൈന്‍സ് വിമാനം ഒരുമണിക്കൂറും പത്ത് മിനിറ്റും ആകാശത്ത് വട്ടമിട്ടുപറന്നശേഷം 9.30നാണ് കരിപ്പൂരിലിറങ്ങിയത്. 7.15ന് റിയാദില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 322 വിമാനം 2.20 മണിക്കൂര്‍ വൈകി 9.35നാണ് കരിപ്പൂരിലെത്തിയത്.
ഏഴിന് ഇറങ്ങേണ്ട ഇന്‍ഡിഗോയുടെ ദുബായി വിമാനവും രണ്ട് മണിക്കൂര്‍ വൈകി രാവിലെ ഒമ്പതിനാണ് കരിപ്പൂരിലെത്തിയത്. ഈ രണ്ട് വിമാനങ്ങളും വൈകിയാണ് റിയാദില്‍നിന്നും ദുബായില്‍നിന്നും പുറപ്പെട്ടതും. 6.25ന് ബംഗളൂരുവില്‍നിന്ന് എത്തേണ്ട ഇന്‍ഡിഗോ വിമാനവും നാലുമണിക്കൂര്‍ വൈകി. തിരിച്ചുവിട്ട വിമാനങ്ങള്‍ രാവിലെ 10നുശേഷമാണ് കരിപ്പൂരില്‍ തിരിച്ചെത്തിയത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്‍ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം തുടര്‍സര്‍വീസ് റദ്ദാക്കി. ഇതിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി